3465 റിയാല്‍ മുതല്‍ 11905 റിയാല്‍ വരെയാണ് ഇത്തവണ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള പാക്കേജ് നിരക്ക്.

ദില്ലി: ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് പാക്കേജ് നിരക്കുകള്‍ പ്രഖ്യാപിച്ചു. പുണ്യസ്ഥലങ്ങളില്‍ ലഭിക്കുന്ന സേവന നിലവാരത്തിനനുസരിച്ച് പാക്കേജുകളെ വിവിധ കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്. ചെലവ് കുറഞ്ഞ ഹജ്ജ് പാക്കേജില്‍ പതിനായിരം തീര്‍ഥാടകര്‍ക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ എന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.

3465 റിയാല്‍ മുതല്‍ 11905 റിയാല്‍ വരെയാണ് ഇത്തവണ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള പാക്കേജ് നിരക്ക്. മിനായിലെ ജമ്രയില്‍ നിന്ന് ടെന്റിലേക്കുള്ള ദൂരം, ഹജ്ജ് വേളയില്‍ സര്‍വീസ് ഏജന്‍സി നല്‍കുന്ന സേവനങ്ങള്‍ തുടങ്ങിയവക്കനുസരിച്ച് പാക്കേജുകളെ വിവിധ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ജമ്രക്കടുത്ത് മിനാ ടവറുകളില്‍ താമസിക്കുന്ന പാക്കേജിനാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. 

ചെലവ് കുറഞ്ഞ ഹജ്ജ് പാക്കേജായ 'ഹജ്ജ് അല്‍ മുഐസിര്‍' എടുക്കുന്നവരില്‍ നിന്നാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുക. ഈ പാക്കേജില്‍ പതിനായിരം തീര്‍ഥാടകര്‍ക്കാണ് അവസരം ഉള്ളത്. ആദ്യം രജിസ്റ്റര്‍ ചെയ്ത് പണമടക്കുന്നവര്‍ക്കാണ് അവസരം ലഭിക്കുക. മിനായുടെ അതിര്‍ത്തിക്ക് പുറത്ത് കെട്ടിടങ്ങളില്‍ ആയിരിക്കും ഇവരുടെ താമസം. ബസുകളിലായിരിക്കും പ്രധാന ദിവസങ്ങളിലെ യാത്ര. എന്നാല്‍ ദുല്‍ഹജ്ജ് പതിനൊന്ന് മുതല്‍ പതിമൂന്നു വരെ ട്രെയിന്‍ സര്‍വീസ് ലഭിക്കും. 

ജൂലൈ മധ്യത്തില്‍ ആഭ്യന്തര തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്ത് പണം അടയ്‌ക്കേണ്ടത്. പണം അടച്ച് അനുമതി പത്രം ലഭിക്കുന്നതിന് മുമ്പ് ബുക്കിംഗ് റദ്ദാക്കിയാല്‍ 68.25 റിയാല്‍ ഈടാക്കും. ദുല്‍ഹജ്ജ് രണ്ടിന് ബുക്കിംഗ് റദ്ദാക്കിയാല്‍ പാക്കേജ് നിരക്കിന്റെ മുപ്പത് ശതമാനവും, ദുല്‍ഹജ്ജ് മൂന്ന്, നാല്, അഞ്ച്, ആറ് ദിവസങ്ങളില്‍ റദ്ദാക്കിയാല്‍ യഥാക്രമം നാല്‍പ്പത്, അമ്പത്, അറുപത്, എഴുപത് ശതമാനവും തീര്‍ഥാടകനില്‍ നിന്ന് ഈടാക്കും. 

തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങി തുടങ്ങുന്ന ദുല്‍ഹജ്ജ് ഏഴിനാണ് റദ്ദാക്കുന്നതെങ്കില്‍ അടച്ച തുക തിരിച്ചു നല്‍കില്ല. ഇതിന് പുറമേ സര്‍വീസ് ചാര്‍ജായി 68.25 റിയാലും ബാങ്ക് ചാര്‍ജ് 7.35 റിയാലും അടയ്‌ക്കേണ്ടി വരും. ടെന്റില്‍ ഒരു തീര്‍ഥാടകന് ചുരുങ്ങിയത് 1.6ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കണം എന്ന് ഹജ്ജ് മന്ത്രാലയം നിര്‍ദേശിച്ചു.