വാഷിംഗ്ടണ്‍: ഡോണൾഡ് ട്രംപ് ഭരണത്തിൻകീഴിൽ വൈറ്റ്ഹൗസ് വീണ്ടും വിവാദത്തിൽ. മാദ്ധ്യമ പ്രവർത്തകർ ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മുഖ്യ ഉപദേശക കെല്ല്യൻ കോണ്‍വേയാണ് ട്രംപിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.ട്രംപ് കറുത്ത വർഗക്കാരായ സഹപ്രവർത്തകരുമായും സർവകലാശാല മേധാവികളുമായും കൂടിക്കാഴ്ച നടത്തിയശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യവെ പ്രസിഡന്റിന്റെ സംഘത്തിൽ അംഗമായ കെല്ല്യൻ കോണ്‍വേ ഓവൽ ഓഫീസ് സോഫയിൽ ഷൂ ധരിച്ചു കൊണ്ട് സോഫയിൽ കാൽ മടക്കി ഇരുന്ന് മൊബൈൽ പരിശോധിച്ചതാണ് വിവാദമായത്.എ.എഫ്.പിയുടെ ഫോട്ടോഗ്രാഫറാണ് കെല്ല്യൻ കോണ്‍വേയുടെ ഈ അധികപ്രസംഗം ക്യാമറയില്‍ പകർത്തിയത്.
ചിത്രം സോഷ്യൽ മീഡിയയിലും ട്വിറ്ററിലും തരംഗമായതോടെ കോൺവേയ്ക്കു നേരെ വിമർശനപ്പെരുമഴയാണ് പ്രവഹിക്കുന്നത്. കോൺവേയുടെ ശരീരഭാഷ നേതാക്കളോടുള്ള അവഹേളവനും അനാദരവുമാണെന്നാണ് പ്രധാനമായും ഉയർന്ന വിമർശനം. അതിഥികളെ അപമാനിക്കുന്ന തരത്തിലാണ് കോണ്‍വേയുടെ പ്രവർത്തിയെന്ന് നിരവധി പേർ ട്വീറ്റ് ചെയ്തു. ട്രംപ്
ആഫ്രിക്കൻ -അമേരിക്കൻ സമൂഹത്തിന്റെ നേതാക്കൾ വൈറ്റ്ഹൗസിൽ ഒത്തുചേർന്നപ്പോൾ അവരെ ബഹുമാനിക്കണമെന്ന സാമാന്യ മര്യാദ പോലും കെല്ല്യന്‍ കാണിച്ചില്ലെന്ന് വനിതാ അനുകൂല വെബ്സൈറ്റ് ജെസ്ബെൽ എഴുതി.
