ഏപ്രില്‍ 29 ന് വൈറ്റ്ഹൗസ് കറസ്‌പോണ്ടന്‍സ് അസോസിയേഷന്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ല എന്ന് ട്വിറ്ററിലൂടെയാണ് ട്രംപ് അറിയിച്ചത്. എല്ലാവര്‍ക്കും നല്ല വൈകുന്നേരം ആശംസിക്കുന്നുവെന്നും ട്രംപ് കുറിച്ചു. എല്ലാ വര്‍ഷവും വസന്തകാലത്ത് നടക്കുന്ന വിരുന്നില്‍ പ്രസിഡന്റ് ആയിരിക്കും മുഖ്യാതിഥി. അത്താഴ വിരുന്നില്‍ വിവിധ മേഖലയിലെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പങ്കെടുക്കുക. മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക സമാഹരിക്കുകയാണ് വിരുന്നിന്റെ ലക്ഷ്യം.
1921ല്‍ തുടങ്ങിയ ചടങ്ങില്‍ റൊണാള്‍ഡ് റീഗന്‍, റിച്ചാര്‍ഡ് നിക്‌സണ്‍ എന്നീ പ്രസിഡന്റുമാര്‍ മാത്രമാണ് പങ്കെടുക്കാതിരുന്നിട്ടുള്ളത്. ട്രംപും വിരുന്നിലെ സ്ഥിരം സാന്നിധ്യമായിരുന്നു എന്തായാലും മാധ്യമങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായാണ് പ്രസ്താവനയെ വിലയിരുത്തുന്നത്. എന്നാല്‍ ട്രംപിന്റെ അസാന്നിധ്യത്തിലും വിരുന്നു നടത്തുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടന അറിയിച്ചു. ചില മാധ്യമങ്ങള്‍ വിരുന്നില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വൈറ്റ് ഹൗസ് വക്താവ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ബി.ബി.സി, സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു.
