Asianet News MalayalamAsianet News Malayalam

അമേരിക്കയിൽ ഭരണപ്രതിസന്ധി തുടരുന്നു; ബജറ്റ് പാസ്സാക്കാനാകാതെ ഇരുസഭകളും പിരിഞ്ഞു

മെക്സിക്കൻ മതിൽ പണിയാൻ അഞ്ച് ബില്യൻ ഡോളർ അനുവദിക്കണമെന്ന നിലപാടിൽ ഡോണൾ‍ഡ് ട്രംപും എതിർപ്പുമായി ഡെമോക്രാറ്റുകളും ഉറച്ച് നിൽക്കുന്നതാണ് ഭരണപ്രതിസന്ധിക്ക് കാരണം. സെനറ്റും കോൺഗ്രസും ചേർന്നെങ്കിലും ബജറ്റ് പാസാക്കാനാകാതെ ഇരുസഭകളും മിനിറ്റുകൾക്കകം പിരിഞ്ഞു. 

donald trump on mexican wall construction
Author
New York, First Published Dec 28, 2018, 7:42 AM IST

ന്യൂയോർക്ക്: അമേരിക്കയിലെ ഭരണ പ്രതിസന്ധി ആറാം ദിവസത്തിലും തുടരുന്നു. മെക്സിക്കൻ മതിൽ പണിയാൻ അഞ്ച് ബില്യൻ ഡോളർ അനുവദിക്കണമെന്ന നിലപാടിൽ ഡോണൾ‍ഡ് ട്രംപും എതിർപ്പുമായി ഡെമോക്രാറ്റുകളും ഉറച്ച് നിൽക്കുന്നതാണ് ഭരണപ്രതിസന്ധിക്ക് കാരണം. സെനറ്റും കോൺഗ്രസും ചേർന്നെങ്കിലും ബജറ്റ് പാസാക്കാനാകാതെ ഇരുസഭകളും മിനിറ്റുകൾക്കകം പിരിഞ്ഞു. ഇതോടെ പ്രതിസന്ധി പുതുവർഷത്തിലേക്ക് നീളുമെന്ന് ഉറപ്പായി. മെക്സിക്കൻ അതിർത്തി മതിൽ നിർമ്മിക്കുന്ന കാര്യത്തിൽ ഡെമോക്രാറ്റിക് പാർട്ടി അം​ഗങ്ങൾ ശക്തമായ എതിർപ്പുമായാണ് രം​ഗത്തെത്തിയത്.

സർക്കാർ ഫണ്ടുകളൊന്നും പാസാകാത്തതിനാൽ 9 സർക്കാർ വകുപ്പുകളുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്. ജീവനക്കാരിൽ ഭൂരിഭാഗത്തിനും ശമ്പളവുമില്ല. യുഎസ് സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം. ഇരുസഭകളിലും ഭൂരിപക്ഷ അംഗീകാരം ഉണ്ടെങ്കിലേ ബജറ്റ് പാസാക്കാനാകൂ. നിലവിലെ സാഹചര്യത്തിൽ ഇത് സാധ്യമല്ല. 

മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാൻ പണം അനുവദിക്കാത്ത പക്ഷം അമേരിക്കയിൽ നിലനിൽക്കുന്ന ഭരണപ്രതിസന്ധി തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മെക്സിക്കൻ അതിർത്തിയിലൂടെ അമേരിക്കയിലെത്തുന്ന അഭയാർത്ഥികളെ തടയാൻ വേണ്ടിയാണ് മതിൽ‌ നിർമ്മിക്കാനൊരുങ്ങുന്നത്. ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ഭരണപ്രതിസന്ധി മൂലം എട്ട് ലക്ഷത്തിലധികം  സർക്കാർ ജീവനക്കാരാണ് ഇവിടെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. ഒരു വർഷത്തിനിടയിൽ ഇത് മൂന്നാം തവണയാണ് അമേരിക്കയിൽ ഭരണ പ്രതിസന്ധി ഉടലെടുക്കുന്നത്.  

Follow Us:
Download App:
  • android
  • ios