വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ തന്റെ ആദ്യ പ്രസംഗത്തിന് മുമ്പ് ഡോണാള്‍ഡ് ട്രംപ് നടത്തിയത് കടുത്ത പരിശീലനം. ട്രംപ് കാറിലിരുന്ന് പ്രസംഗം പഠിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച ക്യാപ്പിറ്റോള്‍ ഹില്ലിലേക്ക് പോകുംവഴി തന്റെ ലിമോസിന്‍ കാറിലിരുന്ന് ട്രംപ് പ്രസംഗം പഠിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഇത് ചാനല്‍ ക്യാമറകള്‍ ഒപ്പിയെടുക്കുകയായിരുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരിക്കണക്കിന് റീ ട്വീറ്റുകളാണുണ്ടായത്. സോഷ്യല്‍മീഡിയയില്‍ ചിലര്‍ ട്രംപിന്റെ നടപടിയെ അഭിനന്ദിച്ചപ്പോള്‍ കുറച്ചുപേര്‍ കളിയാക്കലുമായും രംഗത്തെത്തി.

പ്രസംഗത്തില്‍ കുടിയേറ്റ നിയമങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ ട്രംപ് ഇതിനായി നിയമപോരാട്ടം നടത്തുമെന്നും വ്യക്തമാക്കി.അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മരണത്തെയും ട്രംപ് പ്രസംഗത്തില്‍ അപലപിച്ചു. ഒരു പുതിയ ശുഭപ്രതീക്ഷ, അസാധ്യമായ സ്വപ്നങ്ങളെ വശത്താക്കിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഓദ്യോഗിക പ്രസംഗത്തിന് ട്രംപ് തുടക്കം കുറിച്ചത്. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ വിദ്യാഭ്യാസവും വ്യാപാരവും എല്ലാം വിഷയമായെങ്കിലും മുഴച്ചു നിന്നത് കുടിയേറ്റ നിയമങ്ങളെ കുറിച്ചുള്ള ട്രംപിന്റെ തീരുമാനങ്ങളായിരുന്നുവെന്ന് മാത്രം.