ഹാനോയ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെതിരായ പരാമർശങ്ങളിൽനിന്നു പിൻമാറി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ കിമ്മിനെ ഒരിക്കലും കുള്ളനെന്നും പൊണ്ണത്തടിയനെന്നും വിളിച്ചിട്ടില്ലെന്നു ട്രംപ് ട്വീറ്റ് ചെയ്തു. കിമ്മിനെതിരേ മാസങ്ങൾ നീണ്ട ആക്രമണങ്ങൾക്കുശേഷമാണ് ട്രംപ് റിവേഴ്സ് ഗിയറിടുന്നത്.
എന്തുകൊണ്ടാണ് കിം ജോംഗ് ഉൻ എന്നെ വയസനെന്നു വിളിക്കുന്നത്. ഞാൻ കിമ്മിനെ ഒരിക്കലും കുള്ളനെന്നും പൊണ്ണത്തടിയെന്നും വിളിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തിന്റെ സൗഹൃദം നേടാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഒരു ദിവസം അത് നടക്കുമെന്നു പ്രതീക്ഷിക്കുന്നു- ട്രംപ് ട്വീറ്റ് ചെയ്തു.
ഇപ്പോൾ നടക്കുന്ന ഏഷ്യാ പര്യടനത്തിലും ട്രംപ് കമ്മിനെതിരേ രൂക്ഷവിമർശമാണ് നടത്തിയത്. ജപ്പാനും ദക്ഷിണകൊറിയയും സന്ദർശിച്ച ട്രംപ് ബുധനാഴ്ച ബെയ്ജിംഗിലുമെത്തിയിരുന്നു. ചൈനയ്ക്കുശേഷം വിയ്റ്റ്നാമും ഫിലിപ്പീൻസുമാണു സന്ദർശിക്കുന്നത്.
