വാഷിംഗ്ടണ്‍: പാക്കിസ്ഥാനെതിരെ ആ‌ഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പാകിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നുവെന്ന് പറഞ്ഞ ട്രംപ് പാകിസ്ഥാന്റെ നടപടിയോട് അമേരിക്ക ശക്തമായി പ്രതികരിക്കുമെന്നും വ്യക്തമാക്കി. ക്ഷമയ്‌ക്ക് പരിധിയുണ്ടെന്നും ട്രംപ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും ഉപാധികളോടെയാണ് അഫ്ഗാന് പിന്തുണ നല്‍കുകയെന്നും ട്രംപ് പറഞ്ഞു.

ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത ഒളിത്താവളങ്ങള്‍ ഒരുക്കുന്ന പാക്കിസ്ഥാന്റെ നടപടിയെക്കുറിച്ച് ഇനിയും മിണ്ടാതിരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനില്‍ അമേരിക്ക നടത്തുന്ന ഭീകരവിരുദ്ധ പോരാട്ടംകൊണ്ട് ഏറ്റവുമധികം ഗുണം ലഭിക്കുന്നത് പാക്കിസ്ഥാനാണ്. എന്നാല്‍ ഭീകരര്‍ക്ക് സുരക്ഷിത ഒളിത്താവളങ്ങള്‍ ഒരുക്കുന്നതിലൂടെ ഈ നേട്ടം പാക്കിസ്ഥാന്‍ കളഞ്ഞുകുളിക്കുകയാണ്.

തീവ്രവാദത്തിന് കടിഞ്ഞാണിടാന്‍ പാക്കിസ്ഥാനാവുന്നില്ലെങ്കില്‍ സൈനിക നടപടികളെക്കുറിച്ചുവരെ ആലോചിക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. തീവ്രവാദത്തെ നേരിടാന്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഡോളറുകളാണ് അമേരിക്ക പാക്കിസ്ഥാന് നല്‍കുന്നത്.ഇത് സ്വീകരിച്ചശേഷം അമേരിക്കക്കെതിരെ യുദ്ധം ചെയ്യുന്ന ഭീകരര്‍ക്ക് മറുവശത്ത് സുരക്ഷിത താവളമൊരുക്കുകയാണ് പാക്കിസ്ഥാന്‍. അത് മാറണം, ഉടന്‍ മാറിയേ തീരുവെന്നും ട്രംപ് പറഞ്ഞ‌ു.