ദില്ലി: അപ്രതീക്ഷിത വിജയവുമായി ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാവുമ്പോള്‍ ഇന്ത്യാ-അമേരിക്ക ബന്ധത്തില്‍ എന്ത് മാറ്റമാണുണ്ടാവുക. ട്രംപിന്റെ കുടിയേറ്റ നയമായിരിക്കും ഇന്ത്യ ഏറെ ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരിക്കുന്ന കാര്യം. ഭീകരവാദത്തിന്റെ കാര്യത്തിൽ ട്രംപില്‍ നിന്ന് കര്‍ശന നിലപാട് പ്രതീക്ഷിക്കുമ്പോഴും കുടിയേറ്റ നയങ്ങളിൽ ഇന്ത്യക്ക് കടുത്ത ആശങ്കയാണുള്ളത്.

സംഷർഷം ആഗ്രഹിക്കുന്നില്ല എന്നതാണ് ഡോണാൾഡ് ട്രംപിന്റെ ആദ്യവാക്കുകളെങ്കിലും ഇസ്ലാമിക ഭീകരവാദത്തിനെതിരെ പ്രചരണ സമയത്ത് പ്രഖ്യാപിച്ച നിലപാട് പുതിയ അമേരിക്കൻ പ്രസിഡന്റ് തുടരുമെന്നാണ് ഇന്ത്യ കരുതുന്നത്. പാക്കിസ്ഥാനെ വിശ്വസിക്കാനാകില്ലെന്നും അവര്‍ക്കെതിരെ ഇന്ത്യയെ ഒപ്പം നിര്‍ത്തണമെന്നും മുമ്പ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തികടന്നുള്ള മിന്നലാക്രമണത്തിന് ശേഷം ഇന്ത്യ കൂടുതൽ കടുത്ത നിലപാട് പാക്കിസ്ഥാനോട് സ്വീകരിക്കുമ്പോൾ ട്രംപിന്റെ പിന്തുണയുണ്ടാകുമെന്ന് അതിനാൽതന്നെ കേന്ദ്ര സര്‍ക്കാർ കരുതുന്നു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ശക്തമായി നീങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രംപ് വൈറ്റ് ഹൗസിൽ എത്തുന്നതോടെ അഫ്ഗാനിസ്ഥാൻ മേഖല വീണ്ടും അശാന്തമാകാനുള്ള സാധ്യതയുമുണ്ട്. റഷ്യ-അമേരിക്ക ബന്ധം ഇനി എങ്ങനെ തിരിയും എന്നതറിയാനും ഇന്ത്യ കാത്തിരിക്കുന്നു. ട്രംപിന്റെ കുടിയേറ്റ നയമായിരിക്കും ഇന്ത്യ ഏറെ ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരിക്കുന്ന കാര്യം. നടപ്പാക്കിയാൽ ഇന്ത്യക്കാരുടെ അവസരങ്ങൾ ഇടിയും. ഒപ്പം പുറംകരാറുകൾ നൽകുന്ന കമ്പനികൾക്കെതിരെയുള്ള നീക്കവും ഇന്ത്യക്ക് അംഗീകരിക്കാനാകില്ല. മുമ്പ് ഒരു ഇന്ത്യ കമ്പനിക്ക് എതിരെ ദില്ലി ഹൈക്കോടതിയിൽ കേസ് നൽകിയെന്നത് ഒഴിച്ചാൽ ട്രംപിന് ഇന്ത്യയുമായി കാര്യമായ ബന്ധമൊന്നും ഇതുവരെയില്ല.

അതിനാൽ പുതിയ അമേരിക്കൻ പ്രസിഡന്റുമായി നല്ല ബന്ധം സ്ഥാപിക്കകു എന്ന ശ്രമകരമായ ദൗത്യമാണ് നരേന്ദ്ര മോദിയെ കാത്തിരിക്കുന്നത്. ജനുവരിയിൽ ട്രംപ് പ്രസിഡന്റ് ചുമതലയേറ്റ് 100 ദിവസത്തിനുള്ളിൽ ഒരു ഉന്നതതല കൂടികകാഴ്ചക്ക് മോദി ശ്രമം തുടങ്ങിയതായാണ് സൂചന. ട്രംപിനെ അഭിനന്ദിക്കുന്നു എന്ന് വ്യക്തമാക്കിയ നരേന്ദ്ര മോദി ഇന്ത്യ-അമേരിക്ക ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ഡൗണാൾഡ് ട്രംപിനെ അനുമോദിച്ചു. ഇതിനിടെ നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും വിജയങ്ങളെ താരതമ്യം ചെയ്ത് ബി.ജെ.പി നേതാക്കൾ രംഗത്തുവന്നു. ഇന്ത്യയിൽ മോദിയിലൂടെയും ബ്രിട്ടനിൽ ബ്രെക്സിറ്റിലൂടെയും സംഭവിച്ചത് അമേരിക്കയിൽ ട്രംപിലൂടെ സംഭവിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി ജന.സെക്രട്ടറി രാംമാധവ് പറഞ്ഞു. ട്രംപിന്റെ വിജയം മോദി തരംഗത്തിന് തുല്യമെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയും പറഞ്ഞു.