നിലവിലെ കുടിയേറ്റനിയമം കാലഹരണപ്പെട്ടതാണ്. പരിശോധന അനുവദിക്കാത്ത സ്ഥലങ്ങളില്‍നിന്നുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല. ഇസ്ലാമിക് ഭീകരതയില്‍നിന്ന് അമേരിക്കയെ രക്ഷിക്കാനാണ് നടപടിയെന്നും ട്രംപ് വിശദീകരിച്ചു. രാജ്യത്തെ പൗരാവകാശ സംരക്ഷണത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

അമേരിക്കയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള സമയമായതായും പ്രസിഡന്റ് പറഞ്ഞു. പശ്ചിമേഷ്യയില്‍ ഇതുവരെ ചിലവഴിച്ച പണം രാജ്യപുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാമായിരുന്നു. ഒബാമ കെയര്‍ പരാജയമാണ്, അത് ഉടച്ചു വാര്‍ക്കുമെന്നും ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. കുടിയേറ്റ നിയമം ശക്തിപ്പെടുത്തുകയും ശമ്പളം വര്‍ധിപ്പിക്കുകയും തൊഴില്‍ ഇല്ലാത്തവരെ സഹായിക്കുകയും ചെയ്യുന്നത് നമ്മുടെ സമൂഹത്തെ സുരക്ഷിതമാക്കുന്നതിനാണ്. 

അമേരിക്കയിലെത്തുന്നവര്‍ അമേരിക്കയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം. യുഎസിനെ ഇസ്‌ലാമിക ഭീകരതയില്‍നിന്നു രക്ഷിക്കാന്‍ കര്‍ശന നടപടിയെടുക്കും. വീസ നിരോധനം സാധ്യമാക്കാന്‍ നിയമപോരാട്ടം നടത്തും. അമേരിക്കക്കാര്‍ക്കു ജോലിയില്ലാതാക്കുന്ന കരാറുകളില്‍നിന്ന് പിന്മാറുമെന്നും ട്രംപ് വ്യക്തമാക്കി.