സിബിഐ അന്വേഷണം ആവശ്യമില്ല അന്വേഷണം മുന്നോട്ട് പോകുന്നത് ശരിയായ രീതിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു  

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഐജിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമാണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിനിടെ ശ്രീജിത്തിനെ കാണാൻ പറവൂർ മജിസ്ട്രേറ്റ് വിസമ്മതിച്ചെന്ന പൊലീസിന്‍റെ വാദം തെറ്റാണെന്ന് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കണ്ടെത്തി.

കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ നൽകിയ ഹർ‍ജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേസിൽ അന്വേഷണം ശരിയായ ദിശയിലാണ്. 8 പ്രതികളെ അറസ്റ്റ് ചെയ്തു. സർക്കാർ നിലപാട് കേട്ട ഹൈക്കോടതി ഹർജി ഈ മാസം 22ന് പരിഗണിക്കാനായി മാറ്റി.

കേസിൽ കക്ഷി ചേരാനുള്ള ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്‍റെ അപേക്ഷ കോടതി അംഗീകരിച്ചില്ല. കേസ് രാഷ്ട്രീയവത്കരിക്കാനാണ് നീക്കമെന്ന സ‍ർക്കാർ വാദത്തെ തുടർന്നാണ് അപേക്ഷ നിരാകരിച്ചത്. കേസിലെ നാലാം പ്രതിയും വരാപ്പുഴ എസ്ഐയുമായിരുന്ന ദീപക്കിന്‍റെ ജമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്കും മാറ്റി.

ഇതിനിടെ ശ്രീജിത്തിന്റെ കൊലപാതകത്തിൽ ആലുവ റൂറൽ എസ്പി എവി ജോർജിനും വരാപ്പുഴ പൊലീസിനും തിരിച്ചടിയായി ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. പറവൂർ മജിസ്ട്രേറ്റായിരുന്ന സ്മിത, ശ്രീജിത്തിനെ കാണാൻ വിസമ്മതിച്ചു എന്ന ആരോപണം തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കാണാൻ വിസ്സമ്മതിക്കുകയല്ല, മജിസ്ട്രേറ്റ് അസൗകര്യം അറിയിക്കുക മാത്രമാണ് ചെയ്തത്. ഇക്കാര്യം എഫ്ഐആറിലുണ്ട്. ശ്രീജിത്തിനെ ഹാജരാക്കിയിട്ടും കേസ് കേൾക്കാൻ തയാറായില്ല എന്ന ആക്ഷേപം തെറ്റാണെന്നും ചീഫ് ജസ്റ്റിസിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതിനിടെ എ വി ജോർജിനെ അന്വേഷണ സംഘം സംരക്ഷിക്കുകയാണ് എന്ന ആരോപണവുമായി ശ്രീജിത്തിന്റെ കുടുംബം രംഗത്തെത്തി

ശ്രീജിത്തിന്റെ കുടുംബത്തിൽ നിന്നും പറവൂർ സിഐ യുടെ ഡ്രൈവർ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഇരുനിലക്കാരായി മൂന്നുപേർ കൂടി ഉണ്ടായിരുന്നെന്ന് ശ്രീജിത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു