ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്കുകയായിരുന്നു രാജ്‌നാഥ്‌സിംഗ്. അക്രമികളെ സംരക്ഷിക്കുന്ന സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.
ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് ദളിതര്‍ക്കെതിരെയുള്ള അക്രമം കൂടിവരുന്നതിനെക്കുറിച്ച് അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്ക് മറുപടി നല്കിയ രാജ്‌നാഥ് സിംഗ് പ്രാചീന ഇന്ത്യയുടെ ചരിത്രവും പുരാണങ്ങളും ഉദ്ധരിച്ച് ദളിത് സമൂഹം എങ്ങനെ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ അനിഷേധ്യമായ ഭാഗമാണെന്ന് വിശദീകരിക്കാനാണ് ശ്രമിച്ചത്. ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്ന സാമൂഹ്യവിരുദ്ധരെ വെറുതെ വിടരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്കെല്ലാം കത്ത് എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ് കാലത്തെക്കാള്‍ ദളിതര്‍ക്കെതിരെയുള്ള അക്രമം കുറഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി
ഗോരക്ഷയുടെ പേരില്‍ ഗുജറാത്തിലും മധ്യപ്രദേശിലും ദളിതരെ ആക്രമമിച്ചപ്പോള്‍ എന്തുകൊണ്ട് കേന്ദ്രത്തിലെ ഒരു മന്ത്രിയും അവിടെ എത്തിയില്ല എന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ ചോദിച്ചു.
ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവ് പി കെ ബിജു തുടങ്ങിയത്. ജാതിവിവേചനത്തിന് സര്‍ക്കാര്‍ തന്നെ കുടപിടിക്കുന്നു എന്ന് പികെ ബിജു ആരോപിച്ചു.
പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നവരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സംഘടനകളെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗിന്റെ പ്രസംഗത്തിനിടെ കോണ്‍ഗ്രസും ഇടതുപക്ഷവും സഭ ബഹിഷ്‌ക്കരിച്ചു
