ബിജെപിക്കെതിരെ മെഹ്ബൂബ മുഫ്തി മോദിയെ വിശ്വസിച്ചാണ് സര്‍ക്കാരില്‍‌ ചേര്‍ന്നതെന്ന് മെഹ്ബൂബ കേന്ദ്രസഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചു പിഡിപിയുടെ നയങ്ങളുമായി ചേര്‍ന്ന് പോകാന്‍ ബിജെപിക്ക് ആയില്ല

ശ്രീനഗര്‍: മോദിയെ വിശ്വസിച്ചാണ് സഖ്യം രൂപീകരിച്ചതെന്ന് മെഹ്ബൂബ മുഫ്തി. പിഡിപിയുടെ നയങ്ങളുമായി ചേര്‍ന്ന് പോകാന്‍ ബിജിപിക്ക് ആയില്ലെന്നും സഖ്യം മുന്നോട്ടുകൊണ്ടുപോകാന്‍ പരമാവധി ശ്രമിച്ചുവെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മെഹബൂബ മുഫ്തി.

നിലവില്‍ ഒരു പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്നും മെഹ്ബൂബ മുഫ്തി വാര്‍ത്താസമ്മേളത്തില്‍ പ്രതികരിച്ചു. കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നതായിരുന്നു പിഡിപിയുടെ ലക്ഷ്യമെന്നും കേന്ദ്രസഹായം സംസ്ഥാനത്തിന് കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും മെഹ്ബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞു. കശ്മീരിന് പ്രത്യേകപദവിക്ക് വേണ്ടി പിഡിപി പോരാടിയെന്നും വെടിനിർത്തൽ പ്രഖ്യാപിക്കാന്‍ കഴിഞ്ഞുവെന്നും മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കി ബിജെപി വക്താവ് രാം മാധവ് പത്രപ്രസ്താവന നടത്തിയതിന് പിന്നാലെയാണ് കശ്മീർ മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തി രാജിവെച്ചത്. രാജിക്കത്ത് ഗവർണർക്ക് അയച്ചു. പിഡിപിയുടെ അടിയന്തര നേതൃയോഗം വൈകീട്ട് നാലിന് ശ്രീനഗറില്‍ ചേരും. ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്ന് പിഡിപി വ്യക്തമാക്കി.

2014 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി - പിഡിപി സഖ്യം രൂപം കൊണ്ടത്. മൂന്നു വര്‍ഷത്തിനിടെ നിരവധിതവണ ഇരുപാര്‍ട്ടികളിലും പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. റംസാനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വെടിനിർത്തല്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതും കാശ്മീര്‍ പ്രശ്നത്തില്‍ വിഘടനവാദിക്കളുമായി കേന്ദ്രം സംസാരിക്കണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി ആവശ്യപ്പെട്ടതും ബിജെപിയെ വിഷമത്തിലാക്കിയിരുന്നു,

കശ്മീരിൽ വിഘടനവാദവും തീവ്രവാദവും കൂടിയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് പറഞ്ഞു. മൂന്ന് വർഷമായുള്ള ബന്ധം ഇനി തുടരാൻ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ജമ്മു കശ്മീരില്‍ ഉള്ളതെന്നും രാംമാധവ് പറഞ്ഞു. വികസനത്തിനാവുന്നതെല്ലാം മോദി സർക്കാർ ചെയ്തു. 80000 കോടിയുടെ സഹായമാണ് കശ്മീരിന് നൽകിയത്. എന്നാല്‍ ഇന്ന് ജമ്മു കശ്മീരില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലെന്നും രാം മാധവ് ആരോപിച്ചു. ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു .

കത്വ വിഷയത്തോടെയാണ് ബിജെപിയും പിഡിപിയും തമ്മിലുള്ള ബന്ധത്തില്‍ ഏറ്റവും ഉലച്ചിലുണ്ടായത്. കത്വ വിഷയത്തില്‍ വിവാദ പരാമര്‍ശങ്ങളുമായി ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തിയത് മന്ത്രിസഭയെ ഏറെ പ്രശ്നത്തിലാക്കിയിരുന്നു. ബിജെപിക്ക് ഇരുപത്തിയ‌ഞ്ച് എംഎല്‍എമാരും പിഡിപിക്ക് 28 എംഎല്‍എമാരുമാണ് ഉള്ളത്. ജമ്മു കാശ്മീരില്‍ നിന്നുള്ള എംഎല്‍എമാരുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യം അവസാനിപ്പിച്ച് കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ച് രാംമാധവ് പത്രസമ്മേളനം നടത്തിയത്.