നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ അരവാക്കുറിച്ചി, തഞ്ചാവൂര്‍, തിരുപ്പറന്‍കുണ്ട്രം എന്നിവിടങ്ങളില്‍ ഇടതു കൈവിരലില്‍ മഷിയടയാളമുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കുമ്പോള്‍ ബാങ്കില്‍ നിന്ന് വലതു ചൂണ്ടുവിരലിലാണ് മഷിയടയാളമിടേണ്ടത്. എന്നാല്‍ അബദ്ധത്തില്‍ ഇത് ഇടത് കൈവിരലിലായിപ്പോയാല്‍ അവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ മുന്നറിയിപ്പ്.

കഴിഞ്ഞദിവസമാണ്​ ​അസാധുനോട്ട്​ മാറ്റാൻ വരുന്നവരുടെ വിരലിൽ മഷി പുരട്ടാൻ സർക്കാർ തീരുമാനിച്ചത്​. ഒരേ ആളുകൾ പല തവണ വന്ന്​ പണം മാറുന്നുണ്ടെന്നും സാധാരണക്കാരെ ഉപയോഗിച്ച്​ കള്ളപ്പണം വെളുപ്പിക്കു​ന്നുണ്ടെന്നും ആ​രോപിച്ചാണ്​ മഷി പുരട്ടാനുള്ള തീരുമാനം. ചില സംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഉള്ളതിനാൽ വലതുകൈയിലെ വിരലിലാണ്​ മഷി പുരട്ടുക എന്നായിരുന്നു അറിയിച്ചിരുന്നത്​. അക്കൗണ്ടുള്ള ബാങ്കിൽ നിന്ന്​ പണം മാറ്റുന്നതിന്​ മഷി പുരട്ടൽ ഒഴിവാക്കിയിരുന്നു.

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ബാങ്കുകളില്‍ ഇതുവരെ മഷിയടയാളമിട്ടു തുടങ്ങിയിട്ടില്ലെങ്കിലും നോട്ടുകള്‍ മാറ്റിവാങ്ങുമ്പോള്‍ മഷി ഇടതു കൈവിരലില്‍ ആകാതിരിക്കാന്‍ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ബാങ്ക് ജീവനക്കാരും അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശമുണ്ട്.