പൊതു കാര്യങ്ങള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും അതുപയോഗിക്കാം. എന്നാല്‍, സെല്‍ഫ് പ്രമോഷനു വേണ്ടി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കരുത്. 

'പോളിയോ തുള്ളി മരുന്ന് വിതരണ തീയതി ജനങ്ങളെ അറിയിക്കാന്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍, രണ്ടു തുള്ളി വാക്‌സിന്‍ നല്‍കിയ ശേഷം ആ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉപയോഗിക്കുന്നത് ശരിയല്ല'-മോദി പറഞ്ഞു.

വീഡിയോ കോണ്‍ഫ്രന്‍സിലും മറ്റും സംസാരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പടമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പിനു മുമ്പേ ട്വിറ്ററിലും ഫേസ്ബുക്കിലും സജീവമായിരുന്ന മോദിക്ക് ട്വിറ്ററില്‍ 2.9 കോടി ഫോളോവേഴ്‌സ് ഉണ്ട്. സര്‍ക്കാര്‍ പരിപാടികള്‍ക്കു മാത്രമല്ല, സ്വന്തം പ്രമോഷനു വേണ്ടിയും സോഷ്യല്‍ മീഡിയയെ സമര്‍ത്ഥമായി ഉപയോഗിച്ച നേതാവു കൂടിയാണ് മോദി. ഗുജറാത്ത് കലാപത്തെ തുടര്‍ന്നുണ്ടായ ഇമേജ് മറികടക്കാന്‍ സോഷ്യല്‍ മീഡിയിലൂടെയുള്ള സെല്‍ഫ് പ്രമോഷനും പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളുമാണ് മോദിക്ക് തുണയായത്.