നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് തർക്കം പരിഹരിക്കാൻ ഡിഎംകെ കോൺഗ്രസിനെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. 2 രാജ്യസഭാ സീറ്റുകൾ ഉൾപ്പെടെ പുതിയ ഫോർമുല ഡിഎംകെയുടെ പരിഗണനയിലുണ്ട്.

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസിനെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ഡിഎംകെ. നാളെ ചെന്നൈയിൽ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവായത്തിൽ കോൺഗ്രസ് നേതാക്കളോട് ചർച്ചയ്ക്ക് എത്താൻ ഡിഎംകെ ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെ ഉപസമിതിയും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോൺഗ്രസിനെ വീണ്ടും ചർച്ചയ്ക്ക് വിളിക്കാൻ തീരുമാനമായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും 2028-ലുമായി രണ്ട് സീറ്റുകൾ കോൺഗ്രസിന് നൽകുന്ന കാര്യം ഡിഎംകെയുടെ പരിഗണനയിലുണ്ട്. രാഷ്ട്രീയ ചർച്ചകൾക്കിടയിലും, തമിഴ്‌നാട് പിസിസി പ്രസിഡന്റിന്റെ മകളുടെ വിവാഹ സത്കാരത്തിൽ എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പങ്കെടുത്തത് ഇരുപാർട്ടികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. 

സീറ്റ് വിഭജന കാര്യത്തിൽ തീരുമാനം വൈകില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അസമിലെ ആദ്യ സ്ഥാനാർഥി പട്ടിക അതിവേഗം പ്രസിദ്ധീകരിച്ചത് പോലെ, തമിഴ്‌നാട്ടിലെ സീറ്റ് തർക്കങ്ങളും വേഗത്തിൽ പരിഹരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് നേതാക്കൾ. 35 സീറ്റും 2 രാജ്യസഭാ സീറ്റുമാണ് തമിഴ്‌നാട്ടിൽ സഖ്യത്തിൻ്റെ ഭാഗമായി ഡിഎംകെയോട് കോൺഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണത്തേത് പോലെ 25 നിയമസഭാ സീറ്റ് മാത്രമേ നൽകാനാവൂ എന്നായിരുന്നു ഡിഎംകെയുടെ നിലപാട്.