രാജ്യത്തെ പൊതു വാര്‍ത്താവിനിമയ സംവിധാനമായ ദൂരദര്‍ശന്‍ മുഖംമിനുക്കുന്നു. ഇതിന്‍റെ ഭാഗമായി പുതിയ ലോഗോ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസാര്‍ ഭാരതി പുറത്തുവിട്ടു. യുവാക്കളെ ആകര്‍ഷിക്കാനായി ഉദാരവല്‍ക്കരണത്തിന്‍റെ കുട്ടികള്‍ എന്ന് അര്‍ത്ഥം വരുന്ന ലോഗോയാണ് ക്ഷണിച്ചിരിക്കുന്നത്. ജനസംഖ്യയില്‍ ഭൂരിഭാഗം വരുന്ന 30 വയസില്‍ താഴെ വരുന്ന യുവാക്കളെ ആകര്‍ഷിക്കാനാണ് ചാനല്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ഉദാരവല്‍ക്കരണ നടപടികള്‍ക്കൊപ്പം വളര്‍ന്ന ഇവര്‍ക്ക് പഴയ തലമുറയുടെ അനുഭവം പങ്കുവയ്ക്കാനുണ്ടാകില്ല. ദൂരദര്‍ശനെ യുവാക്കളുടെ കൂടി മാധ്യമമാക്കാനാണ് ഈ നടപടി. ദൂരദര്‍ശന്‍റെ പ്രാധാന്യം യുവാക്കളിലെത്തിക്കുന്ന ലോഗോയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസാര്‍ ഭാരതി സിഇഒ ശേഖര്‍ വെമ്പാട്ടി പറഞ്ഞു. 1959ല്‍ നിലവില്‍ വന്ന കണ്ണിന്‍റെ മാതൃകയിലുള്ള ലോഗോയാണ് ഇതോടെ മാറുക. 

യുവാക്കളെ ആകര്‍ഷിക്കുന്നതോടെ ദൂരദര്‍ശന്‍റെ വരുമാനം ഉയര്‍ത്താമെന്നാണ് പ്രസാര്‍ ഭാരതി കരുതുന്നത്. ഇതിനായി ചാനലിന്‍റെ രൂപതിതിലും പരിപാടികളിലും കാലാസൃതമായ മാറ്റം വരുത്തും. കുട്ടികള്‍ക്കായി പ്രത്യേകം ചാനല്‍ തുടങ്ങാനും യുവാക്കള്‍ക്കായി സംഗീത പരിപാടികള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. 80കളില്‍ ഹിറ്റായ ചില പ്രോഗ്രാമുകള്‍ ദൂരദര്‍ശന്‍ അടുത്തിടെ വീണ്ടും കൊണ്ടുവന്നിരുന്നു.