മസ്‌ക്കറ്റ്: നിയമ ലംഘനങ്ങള്‍ക്കുളള പിഴ ഇരട്ടിയായി വര്‍ധിപ്പിച്ച് മസ്‌കറ്റ് നഗരസഭ വിജ്ഞാപനം പുറത്തിറക്കി. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമ ലംഘനങ്ങള്‍ക്കാണ് പിഴ പരിഷ്‌കരിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

മസ്‌കറ്റ് നഗരസഭ പൊതു സ്ഥലങ്ങള്‍ ശുചിയായും വൃത്തിയായും സൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കര്‍ശനമായ പിഴകള്‍ നടപ്പിലാക്കിയിരിക്കുന്നത്. നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഇരട്ടിയായി വര്‍ധിപ്പിക്കുകയും, പുതിയ നിയമ ലംഘനങ്ങള്‍ ഉത്തരവില്‍ ഉള്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ തുപ്പുക, മാലിന്യം വലിച്ചെറിയുക എന്നിവയാണ് പുതിയ ലംഘനങ്ങള്‍. 

മസ്‌കറ്റ് നഗരസഭ പരിധിക്കുള്ളില്‍ പൊതുസ്ഥലത്തു തുപ്പിയാല്‍ ഇനിയും 20 ഒമാനി റിയല്‍ പിഴ അടക്കേണ്ടി വരും. അതുപോലെ മാലിന്യം നിക്ഷേപിച്ചാല്‍ 1000 റിയാല്‍ വരെയും പിഴ ഈടാക്കും. നഗര സഭയിലെ നിലവിലെ പിഴകള്‍ പരിഷ്‌കരിച്ചിട്ടുമുണ്ട്. ഗാരേജുകള്‍ക്ക് പുറത്ത് വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുക, നഗരസഭയുടെ അനുമതിയില്ലാതെ മാലിന്യപ്പെട്ടികള്‍ നീക്കം ചെയ്യുക, മരങ്ങള്‍, വീട്ടുപകരണങ്ങള്‍, എന്നിവ അലക്ഷ്യമായി ഉപേക്ഷിക്കുക, ജനവാസയോഗ്യ പരിധിയില്‍ നഗരസഭയുടെ അനുമതി കൂടാതെ കോഴിയെയും മൃഗങ്ങളെയും വളര്‍ത്തുക എന്നിവയ്ക്ക് അമ്പതു ഒമാനി റിയല്‍ പിഴ നല്‌കേണ്ടി വരും.

മൃഗങ്ങളുടെയും പക്ഷികളുടെയും മാലിന്യങ്ങള്‍, മറ്റു മാലിന്യങ്ങള്‍ എന്നിവ മാലിന്യപ്പെട്ടികളുടെ പുറത്തോ മറ്റേതെങ്കിലും സ്ഥലത്തു അലക്ഷ്യമായി ഉപേക്ഷിക്കല്‍, ജനവാസയോഗ്യ പരിധി, ബീച്ചുകള്‍, കെട്ടിടത്തിന്റെ മുകള്‍ ഭാഗം, പൊതു സ്ഥലം എന്നിവിടങ്ങളില്‍ മല്‍സ്യം ഉണക്കുക തുടങ്ങിയവക്ക് നൂറു ഒമാനി റിയാലും.

മലിനജലം പുറത്തേക്ക് ഒഴുക്കിവിടല്‍, വാണിജ്യ വ്യവസായ കെട്ടിടങ്ങളിലെ മാലിന്യ ചോര്‍ച്ച, പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നോ ടാങ്കറില്‍ നിന്നോ ഇന്ധനം റോഡിലേക്ക് ഒഴുകുക എന്നിവയ്ക്ക് അഞ്ഞൂറ് ഒമാനി റിയല്‍ മുതല്‍ അയ്യായിരം ഒമാനി റിയല്‍ വരെ പിഴ ചുമത്തപെടാവുന്ന നിയമ ലംഘനങ്ങള്‍ ആണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

ഏപ്രില്‍ ഒന്ന് മുതല്‍ പരിഷ്‌കരിച്ച സംവിധാനം നിലവില്‍ വരികയും, പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്യും.