സെര്‍ബിയക്കെതിരെ സമനിലയെങ്കിലും നേടിയാല്‍ ബ്രസീലിന് രണ്ടാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്യാം

മോസ്കോ: ഗ്രൂപ്പ് ഇ യില്‍ സെര്‍ബിയക്കെതിരായ പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലണ്ട് തകര്‍പ്പന്‍ ജയം നേടിയതോടെ ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും തുലാസിലായിരിക്കുകയാണ്. അവസാന റൗണ്ട് പോരാട്ടത്തില്‍ സെര്‍ബിയക്കെതിരെ പരാജയപ്പെട്ടാല്‍ ബ്രസീല്‍ രണ്ടാം റൗണ്ട് കാണില്ല. ജയിക്കുന്നവര്‍ക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം. ബ്രസീലിന് സമനിലയായാലും നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം സാധ്യമാക്കും. എന്നാല്‍ പരാജയപ്പെട്ടാല്‍ നെയ്മറും സംഘവും നാട്ടിലേക്ക് വണ്ടികയറേണ്ടിവരും.

അതിനിടയിലാണ് ബ്രസീല്‍ അരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്ത എത്തുന്നത്. സെര്‍ബിയക്കെതിരെ നിര്‍ണായക മത്സരത്തിന് ബൂട്ടുകെട്ടാനിരിക്കെ കാനറിപ്പടയ്ക്ക് വമ്പന്‍ തിരിച്ചടി. മധ്യനിരയില്‍ ബ്രസീലിന്‍റെ കളി മെനയുന്നതിലെ നിര്‍ണായക കണ്ണിയായ സൂപ്പര്‍ താരം ഡഗ്ലസ് കോസ്റ്റ പരിക്കേറ്റ് പുറത്തായി.

കോസ്റ്റ ഇല്ലാതെയാകും ബ്രസീല്‍ സെര്‍ബിയക്കെതിരെ കളിക്കാനിറങ്ങുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കോസ്റ്റാറിക്കയ്ക്കെതിരായെ മത്സരത്തിനിടെ കാലിനേറ്റ പരിക്കാണ് താരത്തിനും ബ്രസീലിനും തിരിച്ചടിയായത്. കോസ്റ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണെന്നും സെര്‍ബിയക്കെതിരെ കളിക്കാനാകില്ലെന്നും ടീം ഡോക്ടര്‍ റോഡ്രിഡോ ലാസ്മര്‍ അറിയിച്ചു. ജൂണ്‍ 27ന് ഇന്ത്യന്‍ സമയം രാത്രി 11.30 നാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം.

രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നാല് പോയിന്‍റുള്ള ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. നാല് പോയിന്‍റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായ സ്വിറ്റ്സര്‍ലാന്‍ഡ് രണ്ടാം സ്ഥാനത്തും മൂന്ന് പോയിന്‍റുള്ള സെര്‍ബിയ മൂന്നാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച സ്വിസ് പടയ്ക്ക് അവസാന പോരാട്ടം താരതമ്യേന ദുര്‍ബലരായ കോസ്റ്റാറിക്കയ്ക്കെതിരെയാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് അനായാസം നോക്കൗട്ടിലെത്താമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സെര്‍ബിയക്കെതിരെ സമനിലയെങ്കിലും നേടിയാല്‍ ബ്രസീലിന് രണ്ടാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്യാം. എന്നാല്‍ ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ സ്വപ്നം കണ്ടിറങ്ങുന്ന സെര്‍ബിയ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.