പോത്തന്‍കോട്: വിവാഹസത്കാരത്തിനിടെയുണ്ടായ സ്ത്രീധനത്തര്‍ക്കത്തിനൊടുവില്‍ പെണ്‍വീട്ടുക്കാര്‍ നവവധുവിനെ തിരികെ കൊണ്ടുപോയി. വിവാഹം കഴിഞ്ഞ് ഭര്‍തൃഗ്രഹത്തിലെത്തിയ വധുവിനോട് വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ട കാറെവിടെ എന്ന് അന്വേക്ഷിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.തിരുവനന്തപുരം കൊയ്ത്തൂര്‍ക്കോണത്താണ് വിവാഹസത്കാരത്തിനിടെ സ്ത്രീധനത്തെച്ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തിനൊടുവില്‍ പോത്തന്‍കോട് പൊലീസില്‍ പരാതിനല്‍കിയ പെണ്‍വീട്ടുകാര്‍ പെണ്‍കുട്ടിയേയും കൊണ്ട് മടങ്ങിപ്പോവുകയായിരുന്നു. കൊല്ലം സ്വദേശിനിയുമായിട്ടായിരുന്നു കൊയ്ത്തൂര്‍ക്കോണം സ്വദേശിയുടെ വിവാഹം. കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടിയോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനമായിച്ചോദിച്ച കാര്‍ എവിടെയെന്ന് അന്വേഷിച്ചു.
വരന്റെ വീട്ടില്‍ കാറിടാന്‍ സൗകര്യമില്ലാത്തതിനാല്‍ തന്റെ വീട്ടിലുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. അപ്പോള്‍ കാറിന്റെ താക്കോല്‍ വേണമെന്നായി വീട്ടുകാര്‍. വൈകുന്നേരം സത്കാരത്തിന് വരന്റ വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യമറിഞ്ഞ് തര്‍ക്കമുണ്ടാവുകയും പെണ്‍കുട്ടിയെ വീട്ടിലേക്കു തിരികെ കൊണ്ടുപോകുകയുമായിരുന്നു. പെണ്‍വീട്ടുകാരുടെ പരാതിയില്‍ കേസെടുത്തതായി പോത്തന്‍കോട് സി.ഐ. എസ്.ഷാജി അറിയിച്ചു.
