2032 ല്‍ ഇന്ത്യയുടെ ലൈഗോ ഇന്ത്യാ പ്രോജക്റ്റ് പൂര്‍ത്തിയാകുമ്പോള്‍, അന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സമാന പ്രോജക്റ്റിന്‍റെ വളരെ പുറകിലായിരിക്കും ഇന്ത്യ. ഈ പ്രശ്നം പരിഹരിക്കാന്‍ പദ്ധതിയുണ്ടെങ്കിലും തന്നെ കേള്‍ക്കാന്‍ ഇന്ത്യയിലെ ശാസ്ത്രസമൂഹം തയ്യാറാകുന്നില്ലന്ന് ഡോ.സി എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ന്ത്യ ആദ്യമായി ഗ്രാവിറ്റേഷണല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിനായി പദ്ധതിയിട്ട ലൈഗോ ഇന്ത്യ പ്രോജക്റ്റിന്‍റെ ആദ്യ ശാസ്ത്രജ്ഞനായിരുന്ന തന്നെ, പദ്ധതിയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന് സി എസ് ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. തന്‍റെ ഗവേഷണത്തെ കുറിച്ച് സംസാരിക്കവേയാണ് പദ്ധതിയില്‍ നിന്നും തന്നെ ഒഴിവാക്കിയ കാര്യം അദ്ദേഹം പങ്കുവച്ചത്. ഐസ്റ്റൈന്‍റെ സിദ്ധാന്തങ്ങള്‍ക്ക് മറുസിദ്ധാന്തം മുന്നോട്ട് വച്ച മലയാളിയായ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് ഡോ. സി എസ് ഉണ്ണികൃഷ്ണന്‍. 

ഗ്രാവിറ്റേഷണല്‍ വേവ്സിനെ കുറിച്ച് പഠിക്കുന്ന ഒരു ആഗോളപദ്ധതിയുടെ ഭാഗമാകാന്‍ ഇന്ത്യന്‍ ഫിസിക്സ് കമ്മ്യൂണിറ്റിക്ക് അവസരം വന്നത് 2011 ലായിരുന്നു. എന്നാല്‍ അന്ന് ഇന്ത്യയില്‍ ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു ഗവേഷകന്‍ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. അത് താനായിരുന്നുവെന്നും അങ്ങനെയാണ് താന്‍ ലൈഗോ ഇന്ത്യാ പ്രോജക്റ്റിന്‍റെ ഭാഗമായതെന്നും അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു. ഓസ്ട്രേലിയയുമായി സഹകരിച്ചുള്ള പദ്ധതിയായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, സമ്പത്തിക പ്രശ്നം കാരണം അത് മുടങ്ങി. പിന്നീട് 2016 ല്‍ അമേരിക്കയിലെ രണ്ട് ലൈഗോ ഡിറ്റക്റ്ററുകളും യൂറോപ്പിലെ വെര്‍ഗോ ഡിക്റ്ററ്ററും ചേര്‍ന്ന് ഗ്രാവിറ്റേഷണല്‍ വേവ്സിനെ തിരിച്ചറിഞ്ഞപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദി പദ്ധതിക്ക് താത്വിക അംഗീകാരം നല്‍കിയിരുന്നു. ഈ സമയത്തും ഇന്ത്യ 2011 ല്‍ ഉണ്ടാക്കിയ പദ്ധതി അവിടെ തന്നെ നില്‍ക്കുകയായിരുന്നു ഡോ. സി എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

ഡോ.സിഎസ് ഉണ്ണികൃഷ്ണനുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കാണാം: 

YouTube video player

2016 ല്‍ പ്രധാനമന്ത്രി താത്വിക അംഗീകാരം നല്‍കിയെങ്കിലും ഇന്നും പദ്ധതിയാരംഭിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്രയില്‍ ഹിംഗോളി വനമേഖലയില്‍ ഇതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് ഒരു പ്രോജക്റ്റ് ഓഫീസ് പണിയുക മാത്രമാണ് ആകെ നടന്നത്. നിലവില്‍ ലൈഗോ ഇന്ത്യാ പ്രോജക്റ്റിന് ഒരു ഡയറക്ടര്‍ പോലുമില്ല. ഇതിനകം പദ്ധതിയില്‍ നിന്ന് താന്‍ തഴയപ്പെട്ടു. ഇതിനിടെ കഴിഞ്ഞ ആഴ്ച ലൈഗോ ഇന്ത്യാ പ്രോജക്റ്റിന് 2,500 കോടി രൂപയുടെ ക്യാബിനറ്റ് അംഗീകാരം ലഭിച്ചു. 2011 ല്‍ പദ്ധതിക്കായി താന്‍ തയ്യാറാക്കി നല്‍കിയത് 2,500 കോടി രൂപയുടെ ലൈഗോ ഇന്ത്യാ പ്രോജക്റ്റായിരുന്നു. ആ പദ്ധതിക്കാണ് ഇന്ന് അനുമതി ലഭിച്ചിരിക്കുന്നത്. പദ്ധതി 2029 - '30 ല്‍ പൂര്‍ത്തിയാകുമെന്നാണ് ഇപ്പോഴത്തെ ലൈഗോ ശാസ്ത്രജ്ഞരുടെ കണക്ക് കൂട്ടല്‍. ഇത് പ്രായോഗികമല്ലെന്നും ഇന്ത്യയില്‍ പദ്ധതി പൂര്‍ത്തിയാകാന്‍ 2032 എങ്കിലും ആകുമെന്നും അദ്ദേഹം പറഞ്ഞു. 

2011 ലെ തന്‍റെ പദ്ധതി രേഖ അനുസരിച്ച് 2023 ല്‍ ഇന്ത്യയില്‍ തുടങ്ങാനിരിക്കുന്ന പദ്ധതി, 2032 ല്‍ എത്തുമ്പോള്‍ അന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ലൈഗോ പ്രോജക്റ്റുകളുടെ വളരെ പുറകിലായിരിക്കും ഇന്ത്യയുടെത്. ഇത്തരമൊരു അവസ്ഥ വരാതിരിക്കാന്‍ നിലവിലെ ലൈഗോ ഇന്ത്യാ പ്രോജക്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇന്ത്യയുടെ പദ്ധതി അപ്പോഴത്തെ അമേരിക്കന്‍ ലൈഗോ പ്രോജക്ടിനോട് കിടപിടിക്കാന്‍ കഴിവുള്ള ഒന്നാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാത്രമാണ് ഈ പ്രശ്നത്തിനുള്ള പരിഹാരമെന്നും എങ്കില്‍ മാത്രമേ ലൈഗോ ഇന്ത്യ പ്രോജക്റ്റ് വിജയമാണെന്ന് നമ്മുക്ക് പറയാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തന്നെ കേള്‍ക്കാന്‍ ഇന്ത്യയിലെ ഫിസിക്സ് ശാസ്ത്ര സമൂഹം ഇതുവരെ തയ്യാറായിട്ടില്ല. തന്നെ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ശാസ്ത്ര സമൂഹം അവഗണിക്കുകയാണെങ്കിലും ലഭ്യമായ എല്ലാ വേദികളിലും ഇക്കാര്യം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.