തളിപ്പറമ്പ്: മലേഷ്യയില്‍ മരിച്ച മലയാളി യുവതി തിരുവന്തപുരം വള്ളക്കടവ് സ്വദേശി മെര്‍ളിന്‍ റൂബിയാണെന്ന് സ്ഥിരീകരിച്ചു. കാമുകനും കരാറുകാരനുമായ കെ.എം.മുരളീധരനെ കൊന്ന് സ്യൂട്ട്കെയ്സിലാക്കി തള്ളിയ ഡോ. ഓമനയാണ് മരിച്ചതെന്ന സംശയത്തിന് ഇതോടെ അവസാനമായി. വലിയതുറ വള്ളക്കടവിലെ ടി സി നമ്പര്‍ 45/469 പുന്നവിളാകം പുരയിടത്തില്‍ എല്‍ജിന്റെയും റൂബിയുടെയും മകള്‍ മെര്‍ളിന്‍ റൂബിയാണ് (37) മരിച്ചത്.

ഇതുസംബന്ധിച്ച തിരുവനന്തപുരം ഡിസിആര്‍ബി അസി. പൊലിസ് കമീഷണറുടെ സുപ്രധാന സന്ദേശം തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ലഭിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംബൂരിലെ പ്രധാന റസിഡന്‍ഷ്യല്‍ ഏരിയകളിലൊന്നായ സുബാങ്ങ് ജായ സേലങ്കോറിലെ ഒരു കെട്ടിടത്തില്‍നിന്ന് വീണ് സപ്തംബര്‍ 29നാണ് മെര്‍ളിന്‍ മരിച്ചത്. മലേഷ്യയിലെ പ്രാദേശിക മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ച വിവരം ഇന്ത്യന്‍ ഹൈക്കമീഷണറേറ്റിലെ തൊഴിലാളി വിഭാഗം അറ്റാഷെ രാമകൃഷ്ണനാണ് പുറംലോകത്തെ അറിയിച്ചത്.

ഒക്ടോബര്‍ 18 നാണ് മരിച്ചത് മെര്‍ളിനാണെന്ന് തിരിച്ചറിഞ്ഞതിനെതുടര്‍ന്ന് ഉറ്റവരെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. മലേഷ്യന്‍ പോലിസ് ഈ വിവരം ഇന്ത്യന്‍ ഹൈക്കമീഷണറേറ്റിനെ അറിയിക്കുന്നതിലുണ്ടായ സാങ്കേതികപ്പിഴവുമൂലം പരസ്യം പുന:പ്രദ്ധികരിച്ചതാണ് പ്രശ്നത്തിനിടയായത്. അതോടെ പരസ്യത്തിലെയും ഓമനയുടെയും മുഖങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ പരിശോധിക്കണമെന്ന നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ നിര്‍ദേശവും വ്യാപകമായ വാര്‍ത്തയും സംഭവത്തെ പ്രശസ്തമാക്കി.

കൊലപാതകത്തിനുശേഷം 2001 ല്‍ പരോളിലിറങ്ങി മുങ്ങിയ ഡോ.ഓമനയെ കണ്ടെത്താന്‍ മുമ്പ് മൂന്ന് തവണ പയ്യന്നൂരിലെത്തിയ തമിഴ്നാട് ക്യൂബ്രാഞ്ച് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ സഹായം തേടുകയുമുണ്ടായി. തമിഴ്നാട് മധുരൈ ക്യൂബ്രാഞ്ച് വിഭാഗം മൃതദേഹം തിരിച്ചറിയുന്നതിനായി മലേഷ്യയിലേക്ക് പോകാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് മൃതദേഹം തിരിച്ചറിഞ്ഞതായി വിവരം ലഭിച്ചത്.

തല്‍ക്കാലം ആകാംഷയൊഴിഞ്ഞാലും 1996 ജുലൈ 11ന് കാമുകനായ പയ്യന്നൂരിലെ കരാറുകാരന്‍ മുളിധരനെ ഊട്ടിയിലെ ലോഡ്ജില്‍ വെട്ടിനുറുക്കി സ്യൂട്ട്കെയ്സുകളിലാക്കി വഴിയില്‍ തള്ളുകയും പരോളിലിറങ്ങി 2001 ജനുവരി 29ന് മുങ്ങിയ ഡോ.ഓമനയെവിടെ എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.