തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗിത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ രാജ കെ. കുട്ടിയ്ക്ക് അന്തര്‍ദേശിയ പുരസ്‌കാരം. ജപ്പാനിലെ നഗോയയില്‍ വച്ചു നടന്ന ഇന്റര്‍നാഷണല്‍ സെറിബ്രോ വാസ്‌ക്യുലര്‍ കോണ്‍ഫറന്‍സിലാണ് ഡോ രാജ കെ. കുട്ടിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. 70 വയസ് മുതല്‍ 79 വയസിനിടയില്‍ വരുന്ന ആളുകളുടെ തലച്ചോറിനുള്ളില്‍ നടത്തുന്ന അന്യൂറിസം ശസ്ത്രക്രിയയുടെ ഫലത്തെപ്പറ്റിയുള്ള പഠനത്തിനാണ് യുവ ന്യൂറോ സര്‍ജന്‍ പുരസ്‌കാരം ലഭിച്ചത്

ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. അനില്‍കുമാര്‍ പീതാംബരന്റേയും യൂണിറ്റ് ചീഫ് ഡോ. രാജ്‌മോഹന്‍ ബി.പി.യുടേയും സഹകരണത്തോടെയാണ് ഡോ രാജ കെ. കുട്ടി ഈ പഠനം പൂര്‍ത്തിയാക്കിയത്.

കേരളത്തിലെ വാര്‍ധക്യം വളരെയധികം വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാലാണ് വാര്‍ധക്യത്തില്‍ തലച്ചോറിനുള്ളില്‍ അന്യൂറിസം ബാധിച്ചവരെപ്പറ്റിയുള്ള പഠനത്തിന് പ്രാധാന്യം നല്‍കിയത്. വാര്‍ധക്യം ജപ്പാനിലും കൂടി വരുന്നുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാല്‍ തന്നെ മലയാളി ഡോക്ടറുടെ ഈ പഠനത്തിന് ജപ്പാന്‍ ഡോക്ടര്‍മാരുടെ വലിയ പിന്തുണയാണ് ലഭിച്ചത്. ലോകത്തിലെ പ്രധാന രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ന്യൂറോ സര്‍ജന്‍മാര്‍ പങ്കെടുത്ത പരിപാടിയിലാണ് മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

പെരുമ്പാവൂര്‍ കരാട്ടുപള്ളിക്കര കാരിക്കോട്ടില്‍ വീട്ടില്‍ കെ.കെ. കൃഷ്ണന്‍ കുട്ടിയുടേയും അന്തരിച്ച തങ്കമണി കെ. കുട്ടിയുടേയും മകനാണ് ഡോ. രാജ കെ. കുട്ടി. ആര്‍ സി സിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ അസി. പ്രൊഫസര്‍ ഡോ റെക്‌സീന ഭാര്‍ഗവനാണ് ഭാര്യ.