അബ്നോർമൽ എന്ന് മുദ്ര കുത്തിയവരേക്കാൾ നോർമൽ എന്ന് ഭാവിക്കുന്നവരെയാണ് തനിക്ക് ഭയം.. ഡോ. ഷീന ജി സോമന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഏതു വഴികളെക്കാളും സുരക്ഷിതത്വം മാനസികാരോഗ്യകേന്ദ്രത്തിലെ മുപ്പത്ത് ഏക്കറിൽ തോന്നുമെന്ന് ഡോ. ഷീന ജി സോമൻ. അബ്നോർമൽ എന്ന് മുദ്ര കുത്തിയവരേക്കാൾ നോർമൽ എന്ന് ഭാവിക്കുന്നവരെയാണ് തനിക്ക് ഭയമെന്ന ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.
സ്റ്റാച്യു ജങ്ഷനിൽ ഒരു പത്തു വാരം നടന്നാൽ, ബസിൽ യാത്ര ചെയ്താൽ, ടെറ്റോൾ കൊണ്ട് കാതും മനസ്സും ശരീരവും കഴുകണമെന്ന് തോന്നിയ എത്രയോ അവസരങ്ങൾ. പൊതുഇടങ്ങളിൽ കിട്ടാത്ത ഒരു സുരക്ഷാ ബോധം ഊളംപാറയിൽ കിട്ടിയിരുന്നുവെന്നതാണ് സത്യമെന്ന് ഡോക്ടർ പറയുന്നു. ചൈതന്യപൂർണ്ണമായ ഒരു തുപ്പൽ അഭിഷേകത്തിന് ശേഷം എന്നാണ് പോസ്റ്റിന്റെ തുടക്കം. ആശുപത്രിയിലുളള ബുദ്ധിമാന്ദ്യം ബാധിച്ച ഒരു കുട്ടിയുടെ കാര്യം വിവരിക്കാൻ ഡോക്ടർ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ ആദ്യ വരികൾ ഊളമ്പാറ എന്ന് കേൾക്കുമ്പോൾ പൊതുജനത്തിന് ഉണ്ടാകുന്ന ചില പരിഹാസങ്ങൾ എന്തിനാണെന്ന് ഡോകടർ ചോദിക്കുന്നു. അനുഭവങ്ങളുടെ എവറസ്റ്റ് കൊടുമുടിയാണ് മാനസികാരോഗ്യ കേന്ദ്രം. ഇവിടേയ്ക്ക് ജോലിക്ക് വരുന്നത് ഭയക്കുന്ന ഒരു കാലമുണ്ടായിരുന്നു, ഇപ്പോഴും പലർക്കും ഭയം ആണ്. ഊളംപാറയിലേക്ക് എന്ന് പറഞ്ഞു ഓട്ടോയിൽ കയറിയാൽ ഓട്ടോക്കാരൻ നമ്മളെ അടിമുടി ഒന്ന് തിരിഞ്ഞു നോക്കും. ആ നോട്ടത്തിൽ എല്ലാമുണ്ട്. സമൂഹത്തിന്റെ ഭയവും പരിഹാസവും കൗതുകവും പുച്ഛവും അവമതിയുമെല്ലാം.
മാനസിക രംഗത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ ക്ലാസുകളിൽ മീറ്റിങുകളിൽ പങ്കെടുത്തിട്ടുണ്ടോ അപ്പോഴെല്ലാം ഊളംപാറയിൽ നിന്ന് വരുന്നുവെന്ന് പറയുമ്പോൾ ഉയരുന്ന ചിരി(സഹഡോക്ടർമാരുടെയും) മനസിലാക്കി തന്നത് ഈ സമൂഹം ഇനിയും എത്ര പുരോഗമിക്കാനുണ്ടെന്ന്,വിദ്യാഭ്യാസം മനസ്സുകളെ തുറന്നുകൊള്ളണമെന്നില്ലെന്ന് പോസ്റ്റിൽ പറയുന്നു. ഉപദ്രവകാരിയാകാൻ സാധ്യതയുള്ള മാനസിക രോഗം ബാധിച്ചവർ നൂറിൽ ഒന്നാണെങ്കിൽ അവസരം കിട്ടിയാൽ ആക്രമിക്കാൻ മടി കാണിക്കാത്ത പൊതുജനങ്ങളിലെ കണക്കുകൾ എന്ത് കുന്തമാണോ നമ്മെ പഠിപ്പിക്കേണ്ടത് എന്ന് ഡോക്ടർ ചോദിക്കുന്നു. അബ്നോർമൽ എന്ന് മുദ്ര കുത്തിയവരേക്കാൾ നോർമൽ എന്ന് ഭാവിക്കുന്നവരെയാണ് എനിക്ക് ഭയം.
ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ചൈതന്യപൂർണ്ണമായ ഒരു തുപ്പൽ അഭിഷേകത്തിന് ശേഷം..
അനുഭവങ്ങളുടെ എവറസ്റ്റ് കൊടുമുടിയാണ് മാനസികാരോഗ്യ കേന്ദ്രം.ഇവിടേയ്ക്ക് ജോലിക്ക് വരുന്നത് ഭയക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോഴും പലർക്കും ഭയം തന്നെയാണ്.എന്തിനാണോ ആവോ? ഊളംപാറയിലേക്ക് എന്ന് പറഞ്ഞു ഓട്ടോയിൽ കയറിയാൽ ഓട്ടോക്കാരൻ നമ്മളെ അടിമുടി ഒന്ന് തിരിഞ്ഞു നോക്കും..ആ നോട്ടത്തിൽ എല്ലാമുണ്ട്. സമൂഹത്തിന്റെ ഭയവും പരിഹാസവും കൗതുകവും പുച്ഛവും അവമതിയുമെല്ലാം. മാനസിക രംഗത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ ക്ളാസുകളിൽ മീറ്റിങുകളിൽ പങ്കെടുത്തിട്ടുണ്ടോ അപ്പോഴെല്ലാം ഊളംപാറയിൽ നിന്ന് വരുന്നുവെന്ന് പറയുമ്പോൾ ഉയരുന്ന ചിരി(സഹഡോക്ടർമാരുടെയും) മനസിലാക്കി തന്നത് ഈ സമൂഹം ഇനിയും എത്ര പുരോഗമിക്കാനുണ്ടെന്ന്,വിദ്യാഭ്യാസം മനസ്സുകളെ തുറന്നുകൊള്ളണമെന്നില്ലെന്ന്..
തിരുവനന്തപുരത്തെ ഏതു വഴികളെക്കാളും സുരക്ഷിതത്വം മാനസികാരോഗ്യകേന്ദ്രത്തിലെ മുപ്പത്തിയാറേക്കറിൽ തോന്നുമെന്നതാണ് സത്യം.. സ്റ്റാച്യു ജങ്ഷനിൽ ഒരു പത്തു വാര നടന്നാൽ,ബസിൽ യാത്ര ചെയ്യ്താൽ ടെറ്റോൾ കൊണ്ട് കാതും മനസ്സും ശരീരവും കഴുകണമെന്ന് തോന്നിയ എത്രയോ അവസരങ്ങൾ..പൊതുഇടങ്ങളിൽ കിട്ടാത്ത ഒരു സുരക്ഷാ ബോധം ഊളംപാറയിൽ കിട്ടിയിരുന്നുവെന്നതാണ് സത്യം. ഉപദ്രവകാരിയാകാൻ സാധ്യതയുള്ള മാനസിക രോഗം ബാധിച്ചവർ നൂറിൽ ഒന്നാണെങ്കിൽ അവസരം കിട്ടിയാൽ ആക്രമിക്കാൻ മടി കാണിക്കാത്ത പൊതുജനങ്ങളിലെ കണക്കുകൾ എന്ത് കുന്തമാണോ നമ്മെ പഠിപ്പിക്കേണ്ടത്...അബ്നോർമൽ എന്ന് മുദ്ര കുത്തിയവരേക്കാൾ നോർമൽ എന്ന് ഭാവിക്കുന്നവരെയാണ് എനിക്ക് ഭയം.
ആ പറഞ്ഞു വന്നത്.. ഞാനിന്നൽപം നിസംഗയാണ്.. ഡെസ്പാണ് ആവേണ്ടിയിരുന്നത്.ബുദ്ധിമാന്ദ്യം കാരണം മാനസിക പ്രശ്നങ്ങളുള്ള ഒരു പയ്യനുണ്ട് ഈ ആശുപത്രിയിലെ ഒരൊറ്റ മുറിയിൽ.. എന്ടെ മകന്ടെ പ്രായത്തിൽ ഈ ആശുപത്രിയിലേയ്ക്ക് എത്തിപ്പെട്ടത്.അവന്ടെ മുറിയുടെ മുന്നിലൂടെ കടന്നു പോകുമ്പോൾ അവന്ടെ ചില സ്ഥിരം ചോദ്യങ്ങളുണ്ട്.."എന്ടമ്മ ഇന്ന് വരുവോ? അമ്മാ,എന്ടെ അമ്മ ഇന്ന് വരും കേട്ടാ? എന്ടെ അമ്മ വന്നാ? " ചോദ്യങ്ങൾക്ക് ചില ദിവസങ്ങളിൽ രൂപവും ഭാവവും മാറുമെങ്കിലും എന്ടെ പ്രതികരണം മിക്കവാറും ഒന്നായിരിക്കും.എന്ടെ ചുമതലയിലുള്ള രോഗിയല്ലെങ്കിലും കുശലവും പുഞ്ചിരിയിലും പിശുക്ക് കാട്ടാൻ പലപ്പോഴും തോന്നാറില്ലാ അവനോട്(ഇതിനെയായിരിക്കും ഗുരുക്കൻമാർകൗണ്ടർ ട്രാൻസ്ഫറൻസ് എന്നൊക്കെ പഠിപ്പിച്ചത്). എന്തായാലും അവന് ദേഷ്യം വരുമ്പോൾ ഒരു കലാപരിപാടിയുണ്ട്..നീട്ടി തുപ്പും..അവൻ ഇന്ന് തുപ്പിയത് അവന്റെ അമ്മ ഉൾപ്പെടുന്ന സമൂഹത്തിലേക്കാണെന്ന് തോന്നുന്നു. അതുകൊണ്ട് അറിയാതെ എങ്കിലും അതിൽ പെട്ടു പോയ ഞാൻ അത് കൊള്ളാൻ ബാധ്യസ്ഥയാണെന്നും..ഒരല്പ്പവും വിഷമമോ കോപമോ താപമോ തോന്നാത്തതെന്തു കൊണ്ടാവും..വല്ലാത്ത നിസംഗത..ഒരല്പ്പം വെള്ളത്തിൽ അതും കഴുകികളയണം.
