Asianet News MalayalamAsianet News Malayalam

ആശ്രമത്തെ അരക്കില്ലമാക്കി സ്വാമി സന്ദീപാനന്ദ​ഗിരിയെ നിശ്ശബ്ദനാക്കാനായിരുന്നു അവരുടെ ലക്ഷ്യം: മന്ത്രി തോമസ് ഐസക്ക്

സന്ദീപാനന്ദ​ഗിരിയ്ക്കെതിരെ നടന്ന അതിക്രമം യഥാർത്ഥത്തിൽ സുപ്രീം കോടതിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. അക്രമങ്ങളും ആയുധങ്ങളുമാണ് അവരുടെ കയ്യിൽ ഇനിയുള്ളത്.

dr thomas issacs facebook post about swami sandeepananda giri
Author
Thiruvananthapuram, First Published Oct 28, 2018, 11:52 AM IST

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവർക്ക് സംഘപരിവാർ വിധിച്ച വധശിക്ഷയുടെ ആദ്യത്തെ ഇര സ്വാമി സന്ദീപാനന്ദ​ഗിരി ആയിരുന്നേനെയെന്ന് മന്ത്രി തോമസ് ഐസക്ക്. സ്വാമിയെ ആശ്രമത്തിലിട്ട് ചുട്ടുകൊല്ലുകയായിരുന്നു അക്രമികളുടെ ഉദ്ദേശ്യമെന്നും മന്ത്രി പറയുന്നു. കഴിഞ്ഞ ദിവസം ആശ്രമത്തിനുള്ളിൽ ശാഖ നടത്തണമെന്ന ആവശ്യവുമായി കുറച്ചാളുകൾ വന്നിരുന്നു. അവരുടെ ആവശ്യം അം​ഗീകിരിക്കാൻ സ്വാമി സന്നദ്ധനായില്ല. എത്ര പേർക്ക് വേണമെങ്കിലും ലൈബ്രറിയിൽ വന്നിരുന്ന് പുസ്തകം വായിക്കാമെന്നായിരുന്നു സ്വാമിയുടെ മറുപടി. ഇതൊക്കെയാണ് സംഘ്പരിവാറിന് സ്വാമി സന്ദീപാനന്ദ​ഗിരിയോടുള്ള വൈരാ​ഗ്യത്തിന് കാരണം. തന്റെ ഫേസ്ബുക്ക് പേജിലാണ് തോമസ് ഐസക് ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്.

സന്ദീപാനന്ദ​ഗിരിയ്ക്കെതിരെ നടന്ന അതിക്രമം യഥാർത്ഥത്തിൽ സുപ്രീം കോടതിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. അക്രമങ്ങളും ആയുധങ്ങളുമാണ് അവരുടെ കയ്യിൽ ഇനിയുള്ളത്. അക്രമികൾക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വായനയുടെയും ചിന്തയുടെയും പാണ്ഡിത്യത്തിന്റെയും പിൻബലമുള്ള അദ്ദേഹത്തിന്റെ വാദങ്ങളോട് സംവദിച്ചു ജയിക്കാൻ കുറുവടിയും വടിവാളും തെറിവിളിയും ആയുധമാക്കിയ ക്രിമിനലുകൾക്ക് എങ്ങനെ കഴിയുമെന്നും തോമസ് ഐസക് ചോദിക്കുന്നു.

ഈ അക്രമത്തിന് നേരെ സർക്കാർ‌ കയ്യും കെട്ടി നോക്കി നിൽക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ശബരിമല വിഷയത്തിൽ പ്രകടിപ്പിച്ച ക്ഷമ കേരളത്തിലെ മറ്റ് അക്രമങ്ങളോട് കാണിക്കുമെന്ന് പ്രതീക്ഷ വേണ്ട. എന്ത് തന്നെയായിരുന്നാലും സ്വാമി സന്ദീപാനന്ദ​ഗിരിയോട് അക്രമം നടത്തിയ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകിയാണ് മന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.  

Follow Us:
Download App:
  • android
  • ios