കേസ് കോടതിയിലെത്തിയപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി ഉന്മേഷ് മൊഴി നൽകിയെന്നായിരുന്നു ആരോപണം.
തിരുവനന്തപുരം: ഷൊർണ്ണൂരിൽ ട്രെയിൻ യാത്രക്കിടെ പീഡനമേറ്റ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം വിവാദത്തിൽ ഡോ.ഉൻമേഷിനെ സർക്കാർ കുറ്റവിമുക്തനാക്കി. ഉൻമേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഉത്തരവ്ഗോവിന്ദചാമി പീഡിപ്പിച്ചു കൊന്ന പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് ഡോ.ഉന്മേഷായിരുന്നു.
ആരോപണം ഉയർന്ന് ഏഴു വർഷത്തിനു ശേഷമാണ് ഡോ.ഉൻമേഷിനെ കുറ്റവിമുക്തനാക്കുന്നത്. തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസി.പ്രഫസറായിരുന്ന ഉൻമേഷിൻറെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം . പക്ഷെ വിചാരണ വേളയിൽ വകുപ്പ് മേധാവിയായ ഡോ.ഷെർളി വാസുവും, ഉൻമേഷും പരസ്പരവിരുദ്ധമായ മൊഴി നൽകിയതോടെ വിവാദങ്ങള്‍ തുടങ്ങി. പ്രതിഭാഗത്തെ ഉൻമേഷ് സഹായിച്ചുവെന്ന ആരോപണം ഉയർന്നതോടെ ഉൻമേഷിനെ സസ്പെൻറ് ചെയ്തു, സ്ഥാനകയറ്റം തടഞ്ഞു.
എന്നാൽ വകുപ്പ് തല അന്വേഷണം നടത്തിയ ജോയിൻറ് ഡിഎംഇ ഡോ.ശ്രീകുമാരി ഉൻമഷ് സത്യസന്ധനായ ഉദ്യോഗസ്ഥനെന്നd റിപ്പോർട്ട് നൽകി . പോസ്റ്റുമോർട്ടം നടത്തിയത് ഉൻമേഷാണെന്നും വകുപ്പ് തല നടപടികള്‍ തുടരുന്നത് നീതിനിഷേധമാണെന്നുമാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ട് അംഗീകരിച്ചാണ് ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കിയത്. ഒരു വർഷത്തെ സസ്പെൻഷന് ശേഷം തിരിച്ചെടുത്തെങ്കിലും സ്ഥാനക്കയറ്റം നിഷേധിച്ചിരുന്നു. പ്രതികൾക്കൊപ്പം ചേർന്ന് അവിഹിത നേട്ടമുണ്ടാക്കിയെന്ന പരാതി വിജിലൻസും തള്ളിയിരുന്നു . വൈകിയാണെങ്കിലും നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡോ.ഉൻമേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
