ദില്ലി: ദേശീയ വനിതാ നയത്തിന്റെ കരട് വനിതാ ശിശു ക്ഷേമ മന്ത്രാലയം പുറത്തിറക്കി. കുടുംബാസൂത്രണത്തിന്റെ ഭാഗമായി സ്ത്രീ വന്ധ്യംകരണത്തിനൊപ്പം പുരുഷ വന്ധ്യംകരണവും പ്രോത്സാഹിക്കപ്പെടണമെന്നു കരടില്‍ നിര്‍ദ്ദേശിക്കുന്നു. വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധ നല്‍കണമെന്നും ദേശീയ വനിതാ നയത്തില്‍ നിര്‍ദേശിക്കുന്നു. 

ജനസംഖ്യാ നിയന്ത്രണത്തിനുള്ള കുടുംബാസൂത്രണത്തിന്റെ ഉത്തരവാദിത്വം സ്ത്രീകള്‍ക്കു മാത്രമല്ലെന്നാണ് ദേശീയ വനിതാ നയത്തിന്റെ കരടില്‍ വ്യക്തമാക്കുന്നത്. ഇതില്‍ തുല്യത ഉറപ്പ് വരുത്തണമെന്നും പുരുഷന്‍മാരിലും വന്ധ്യംകരണം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരുകള്‍ നടത്തണമെന്നുമാണു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി പുറത്തിറക്കിയ കരട് നയത്തില്‍ ശുപാര്‍ശചെയ്യുന്നത്.

ഭര്‍ത്താവ് ഉപേക്ഷിച്ചവരുടെയും വിവാഹ മോചനം നേടിയ സ്ത്രീകളുടെയും വിധവകളുടെയും സാമൂഹ്യ സുരക്ഷക്കും കരട് നയത്തില്‍ ഊന്നല്‍ നല്‍ക്കുന്നു. രാജ്യത്തെ ജനസംഖ്യയില്‍ 21 ശതമാനം വരുന്ന ഇത്തരം സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഗണനകള്‍ വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ പഞ്ചായത്ത് തലം മുതലുള്ള ഭരണസംവിധാനങ്ങളില്‍ നിന്നും ഉണ്ടാകണമെന്നും ദേശീയ കരട് വനിതാ നയത്തില്‍ ശുപാര്‍ശ ചെയ്യുന്നു.

ആദിവാസി മേഖലകളില്‍ ശിശു മരണം തടയാന്‍ അംഗനവാടി പ്രവര്‍ത്തകരെയും പ്രസവ ശുശ്രൂഷക്ക് പരിശീലനം നല്‍കിയവരെയും വിന്യസിക്കുക, ദാരിദ്ര്യവും സ്‌കൂളുകളിലേക്കുള്ള അകലവും കാരണം പെണ്‍കുട്ടികള്‍ പത്താം ക്‌ളാസില്‍ പഠനം അവസാനിപ്പിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, കര്‍ഷക ആത്മഹത്യയില്‍ വിധവകളായവര്‍ക്ക് പ്രത്യേക സഹായം, സ്ത്രീ സുരക്ഷക്കായി മൊബൈലില്‍ പാനിക്ക് ബട്ടണ്‍ തുടങ്ങിയവയാണു മറ്റ് നിര്‍ദ്ദേശങ്ങള്‍.