അഹമ്മദാബാദ്: മണിക്കൂറുകളോളം ഒളിവില്‍ കഴിഞ്ഞെത്തിയ ശേഷം വിശ്വഹിന്ദു പരിഷത്ത് അന്താരാഷട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ ഭായ് തൊഗാഡയയുടെ വാര്‍ത്താസമ്മേളനം വലിയ വാര്‍ത്തയായിരുന്നു. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ പൊലീസ് തന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ നീക്കം നടക്കുന്നതായാണ് തൊഗാഡിയ നടത്തിയ പത്രസമ്മേളനത്തില്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്. 

എന്നാല്‍ തൊഗാഡിയയെ കാണാതായ ദിവസം സംഭവിച്ച കാര്യങ്ങള്‍ ഒരു ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കുന്നവയാണ്. നിരോധനാജ്ഞ ലംഘിച്ച് പ്രസംഗിച്ച കേസില്‍ വാറന്റുമായി വന്ന രാജസ്ഥാന്‍ പൊലീസിനെ വെട്ടിച്ച് ഒളിവില്‍പോയ തൊഗാഡിയയെ രാത്രി അവശനിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അഹമ്മദാബാദിലെ ഓഫീസില്‍ രാവിലെ പൂജ നടത്തുമ്പള്‍ ഒരാള്‍ വന്ന് ഏറ്റുമുട്ടലില്‍ തന്നെ കൊന്നുകളയാന്‍ നീക്കമുണ്ടെന്ന് സൂചന നല്‍കി. വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് പൊലീസ് തന്നെ തേടി ഓഫീസിലേക്ക് തിരിച്ചതായും വിവരം ലഭിച്ചു. അപ്പോള്‍ തന്നെ ഒരു പ്രവര്‍ത്തകനോടൊപ്പം ഓട്ടോറിക്ഷയില്‍ സ്ഥലംവിട്ടു. സുരക്ഷാ ഭടന്‍മാരോട് ഉച്ചയ്ക്ക് വന്നാല്‍ മതിയെന്ന് നേരത്തെ അറിയിച്ചിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് പൊലീസ് നീക്കത്തൈ കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ഇതില്‍ സംശയം തോന്നി ഞാന്‍ ഫോണ്‍ ഓഫ് ചെയ്തു. രാജസ്ഥാനിലെ അഭിഭാഷകരെ ബന്ധപ്പെട്ടപ്പോള്‍ അവിടേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. വൈകുന്നേരം വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞു ബോധം പോയി. തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു- തൊഗാഡിയ തന്നെയാണ് ഈ കഥ പറഞ്ഞത്.

തൊഗാഡിയയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയകലാപമുണ്ടാക്കുന്നതാണെങ്കില്‍ അദ്ദേഹത്തെ തിരോധാനം ഒരു മായ പോലെയാണ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് സഹ പ്രവര്‍ത്തകര്‍ക്കും. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഒരാള്‍ ഒരു ദിവസം മുഴുവന്‍ കാണാതാകുന്നു. പൊലീസിനോ മറ്റ് ഏജന്‍സികള്‍ക്കോ യാതൊരു വിവരവുമില്ല. മറ്റു കാര്യങ്ങളെല്ലാം മാറ്റിവച്ച് സുരക്ഷാവീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.