Asianet News MalayalamAsianet News Malayalam

ഷുഹൈബ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് നേരെ വയര്‍ലെസ് സെറ്റില്‍ തെറിവിളി, കണ്ണൂരില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍

  • ഷുഹൈബ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് നേരെ വയര്‍ലെസ് സെറ്റില്‍ തെറിവിളി
  • മാലൂർ സ്റ്റേഷനിൽ നിന്നു വിവരങ്ങളെടുത്തു കോൾ അവസാനിപ്പിച്ച ഉടനെയായിരുന്നു അസഭ്യവർഷം
dramatic scenes from police station un identified person abuses police officer in wireless set

സിപിഎം അനുകൂലിയായി അറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരം വയര്‍ലെസ് സെറ്റില്‍ അസഭ്യ വര്‍ഷം. വയര്‍ലെസ് സെറ്റില്‍ ഡിവൈഎസ്പിയെ അസഭ്യ വര്‍ഷം നടത്തിയത് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കണ്ണൂരില്‍ നിന്നാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവില്‍ പൊലീസുകാരന്റെ വയര്‍ലെസ് സെറ്റ് അടിച്ച് മാറ്റി മദ്യപാനി ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിക്കുന്ന രംഗങ്ങള്‍ ഏറെ ചിരി പടര്‍ത്തിയതാണ്. 

എന്നാല്‍ കണ്ണൂരില്‍ നടന്ന അസഭ്യ വര്‍ഷം കണ്ടെത്താന്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഏതു പൊലീസ് സ്റ്റേഷനിൽ നിന്നാണു വിളി വന്നതെന്നു കണ്ടെത്താനാണ് അന്വേഷണം. ഷുഹൈബ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് നേരെയാണ് അസഭ്യവര്‍ഷം.

ദിവസവും രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയിൽ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വയർലസിൽ വിളിച്ചു വിവരങ്ങൾ ആരായുന്ന പതിവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ലഭിച്ച പരാതികൾ, റജിസ്റ്റർ ചെയ്ത കേസുകൾ, അറസ്റ്റ്, സമൻസ് നടപ്പാക്കൽ തുടങ്ങിയവയുടെ എണ്ണമാണു നൽകേണ്ടത്. എസ്പിക്ക് അസൗകര്യമുള്ള ദിവസം എഎസ്പിയോ ഏതെങ്കിലും ഡിവൈഎസ്പിയോ ആണു വിളിക്കുക. ഈ സ്റ്റേഷന്‍ വിളി സമയത്താണ് ഡിവൈഎസ്പിയ്ക്ക് നേരെ അസഭ്യ വര്‍ഷം നടക്കുന്നത്.

വിളിക്കുന്നയാളും എടുക്കുന്നയാളും മാത്രമാണു സംസാരിക്കുകയെങ്കിലും ആ സമയത്ത് ഓൺ ചെയ്തു വച്ചിരിക്കുന്ന മറ്റു പൊലീസ് സ്റ്റേഷനുകളിലെ വയർലസ് സെറ്റുകളിലെല്ലാം സംഭാഷണം കേൾക്കാം. വേണമെങ്കിൽ ഇടയിൽ കയറി സംസാരിക്കുകയും ചെയ്യാം. ഇന്നു രാവിലെ എസ്പി സ്ഥലത്തില്ലാത്തതിനാൽ ഡിവൈഎസ്പി സ്റ്റേഷനുകളിലേക്കു വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആരോ ഇടയിൽ കയറി അസഭ്യം പറഞ്ഞത്. മാലൂർ സ്റ്റേഷനിൽ നിന്നു വിവരങ്ങളെടുത്തു കോൾ അവസാനിപ്പിച്ച ഉടനെയായിരുന്നു അസഭ്യവർഷം.

ജില്ലാ ആസ്ഥാനത്തെ പൊലീസ് കൺട്രോൾ റൂമിൽ നിന്നു നടത്തിയ പ്രാഥമികാന്വേഷണത്തിൽ, ഏതു സ്റ്റേഷനിലെ വയർലസ് സെറ്റിൽ നിന്നാണു അസഭ്യവർഷം ഉണ്ടായതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Follow Us:
Download App:
  • android
  • ios