അടിമാലിയ്ക്കടുത്തുള്ള ചീയപ്പാറയിലും വാളറ കുത്തിലുമെല്ലാം വേനൽക്കാലത്തിന് സമമാണ് വെള്ളമൊഴുക്ക്. 

ഇടുക്കി: ഇടുക്കിയിലും വരൾച്ച പിടിമുറുക്കുന്നു. മൂന്നാഴ്ച മുന്പ് വരെ ജലസമൃദ്ധമായിരുന്നു വെള്ളച്ചാട്ടങ്ങളുടെ അവസ്ഥ മഴയൊഴിഞ്ഞതോടെ മാറി. ജില്ലയിലെ വെള്ളച്ചാട്ടങ്ങളെല്ലാം വറ്റിവരളുകയാണ്. പലതും നേർത്തവരകളായി. അടിമാലിയ്ക്കടുത്തുള്ള ചീയപ്പാറയിലും വാളറ കുത്തിലുമെല്ലാം വേനൽക്കാലത്തിന് സമമാണ് വെള്ളമൊഴുക്ക്. കാലവർഷത്തിൽ വെള്ളമൊഴുക്ക് നിലയ്ക്കുന്നത് വിനോദസഞ്ചാരത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ടൂറിസം മേഖല. 

നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾ വെള്ളച്ചാട്ടങ്ങൾക്കരികിൽ ചിത്രങ്ങളെടുക്കാൻ ഇറങ്ങുക പതിവാണ്. എന്നാൽ വെള്ളം കുറഞ്ഞതോടെ പലരും കാഴ്ച വാഹനങ്ങളിൽ നിന്നാക്കി. ഇതോടെ ഈ പ്രദേശത്തെ കച്ചവടക്കാരും ദുരിതത്തിലായി. വെള്ളച്ചാട്ടങ്ങൾക്കരികിലെ കച്ചവടക്കാരെല്ലാം തുലാംമഴയെ കാത്തിരിക്കുകയാണ്. വീണ്ടും മഴയെത്തി ഉറവകൾ സജീവമായാൽ വെള്ളച്ചാട്ടങ്ങൾക്കൊപ്പം ഇവ‍ർക്കും പുതുജീവൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.