പത്തനംതിട്ടയുടെ മലയോരമേഖലകളായ ആങ്ങമൂഴിയും സീതത്തോടും രൂക്ഷമായ കുടിവെള്ളക്ഷാമത്താല്‍ ബുദ്ധിമുട്ടുകയാണ്. വനത്തിനുള്ളില്‍നിന്ന് വെള്ളം കൊണ്ടുവരാനായി ഇട്ടിരിക്കുന്ന പൈപ്പുകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുക കൂടി ചെയ്യുന്നതോടെ ദുരിതം ഇരട്ടിയായി. വന്‍തുക കൊടുത്ത് വെള്ളം വിലക്ക് വാങ്ങേണ്ട ഗതികേടിലാണ് ഇവര്‍.


സമീപദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയാണ് പത്തനംതിട്ട. ഇതിന്‍റെ ദുരിതം അനുഭവിക്കുന്നത് ജില്ലയുടെ മലയോരമേഖലകളായ ആങ്ങമൂഴിയും സീതത്തോടുമൊക്കെ. ഇവിടങ്ങളില്‍ താമസിക്കുന്ന അഞ്ഞൂറിലേറെ കുടുംബങ്ങള്‍ രണ്ടും മൂന്നും കിലോമീറ്റര്‍ അപ്പുറത്തുനിന്ന് വെള്ളം ചുമന്നുകൊണ്ടുവരുകയാണിപ്പോള്‍. അല്ലെങ്കില്‍ കാശ് കൊടുത്ത് വാങ്ങും.


ഇതിന് പരിഹാരമെന്നോണം തേവര്‍മല വനത്തിലെ ജലസ്രോതസ്സില്‍നിന്ന് വെള്ളമെത്തിക്കാന്‍ കാട്ടിലൂടെ നാട്ടിലേക്ക് പൈപ്പിട്ടു. ഉള്‍വനത്തില്‍നിന്ന് വെള്ളം തേടിയിറങ്ങിയ വന്യമൃഗങ്ങളാകട്ടെ പൈപ്പ് നശിപ്പിക്കുകയും ചെയ്യുന്നു.

ഇവരുടെ ഇപ്പോഴത്തെ ആശ്രയമായ കക്കാട്ടാറിലും വെള്ളം തീര്‍ത്തും കുറവാണ്. ഇങ്ങനെ പോയാല്‍ കടുത്ത വേനലിന്‍റെ മെയ്മാസം എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.