കോട്ടയം: മദ്യലഹരിയില്‍ നാലു വയസ്സുള്ള മകളെ അച്ഛന്‍ ട്രെയിനില്‍ മറന്ന് ഇറങ്ങി. മദ്യപിച്ച് ബോധം കെട്ട സേലം സ്വദേശിയാണ് തന്‍റെ മകളെ ട്രെയിനില്‍ തനിച്ചാക്കി തൃശ്ശൂരില്‍ ഇറങ്ങിപ്പോയത്. കഴിഞ്ഞ ദിവസം സേലത്തു നിന്ന് ഷാലിമാര്‍- നാഗര്‍കോവില്‍ ഗുരുദേവ് എഅ്‌സ്പ്രസിലാണ് മകളെയും കൂട്ടി മദ്യപനായ അച്ഛന്‍ പാലക്കാട്ടേയ്ക്ക് ടിക്കറ്റെടുത്തത്. വടക്കാഞ്ചേരിയിലുള്ള ഭാര്യ വീട്ടിലേയ്ക്കുള്ള തന്‍റെ കുഞ്ഞുമകളുടെ ഒപ്പമുള്ള യാത്രയില്‍ ഒടുവില്‍ അച്ഛന്‍ മകളെ തനിച്ചാക്കി. 

ട്രെയിനില്‍ കയറിയതുമുതല്‍ ഇയാള്‍ മദ്യപാനം തുടങ്ങി. തുടര്‍ന്ന് ഇയാള്‍ തൃശ്ശൂരില്‍ ഇറങ്ങാന്‍ നേരം കുഞ്ഞിനെ മറക്കുകയായിരുന്നു. ട്രെയിനിലെ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റില്‍ തനിച്ചായ കുഞ്ഞ് കരച്ചില്‍ തുടങ്ങിയതോടെയാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ യാത്രക്കാര്‍ ടിടിഇയെ വിവരം അറിയിച്ചു. 

ട്രെയിനില്‍ അന്വേഷിച്ചെങ്കിലും കുട്ടിയുടെ കൂടെ ആരെയും കണ്ടെത്താനായില്ല. പിന്നാലെ കോട്ടയം സ്‌റ്റേഷനിലെത്തിയപ്പോള്‍ആര്‍പിഎഫ് സ്‌റ്റേഷന്‍ സിഐ സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കുട്ടിയെ കൈമാറുകയും ഇവര്‍ ചൈല്‍ഡ് ലൈനു നല്‍കുകയും ചെയ്തു. 

കുട്ടിയുടെ രക്ഷിതാക്കള്‍ക്കായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്. അച്ഛനും, അമ്മയും, മുത്തച്ഛനും ഒപ്പം കുടുംബസമേതം എത്തിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. അച്ഛന് കര്‍ശന താക്കീത് നല്‍കിയാണ് പറഞ്ഞയച്ചത്.