ജിദ്ദ: സൗദിയിൽ ഗുണനിലവാരം കുറഞ്ഞ കുപ്പി വെള്ള വിപണനം നടത്തുന്നതായി പരാതിവ്യാപകമായ സാഹചര്യത്തില്‍, ഫുഡ് ആന്റ ഡ്രഗ്‌സ് അതോറിറ്റി വീണ്ടും പരിശോധനക്കൊരുങ്ങുന്നു.നേരത്തെ ഫുഡ് ആന്റ ഡ്രഗ്സ് നടത്തിയ പരിശോധനയില്‍ കുപ്പി വെള്ളത്തില്‍ നിലവാരം കുറഞ്ഞതിനെ തുടര്‍ന്നു 66 ഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിരുന്നു.

സൗദിയില്‍ വേനല്‍ കനത്തതോടെ കുപ്പി വെള്ളത്തിനു ആവശ്യം ഏറുകയും ഇതു മുതലാക്കി ചില കമ്പനികള്‍ നിലവാരംകുറഞ്ഞ കുപ്പിവെള്ളവിതരണം ചെയ്യുന്നതായാണ പരാതി. ഈ സാഹചര്യത്തിലാണ് രാജ്യത്ത് വില്‍പന നടത്തുന്ന കുപ്പിവെള്ളത്തിന്റെ നിലവാരം പരിശോധിക്കാന്‍ സൗദി ഫുഡ് ഡ്രഗ്‌സ് അതോറിറ്റി തയ്യാറെടുക്കുന്നത്.കുപ്പി വെള്ളം ഉത്പാദിപ്പിക്കുന്ന മുഴുവന്‍ ഫാക്ടറികളിലും പരിശോധന നടത്തുമെന്ന് സൗദി ഫുഡ് ആന്റ ഡ്രഗ്‌സ് അതോറിറ്റി തലവൻ ഡോ. മുഹമ്മദ് അല്‍ നാസിര്‍ വ്യക്തമാക്കി.

കൂടാതെ കടകളില്‍ വില്‍പന നടത്തുന്ന കുപ്പിവെള്ളത്തിന്റെ സാമ്പികളുകള്‍ പരിശോധിച്ചു ഗുണമേന്മ ഉറപ്പ് വരുത്തും.റമദാന്‍ ആരംഭിച്ചതോടെ പല കമ്പനികളും നിലവാരം കുറഞ്ഞ കുപ്പി വെള്ളമാണ് വില്‍പന നടത്തുന്നതെന്ന വ്യാപകമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് അല്‍ നാസിര്‍ പറഞ്ഞു.പരിശോധനകളില്‍ നിയമലംഘനം കണ്ടെത്തുന്ന മുറക്കു ഉത്പാദനം നിര്‍ത്തിവെപ്പിക്കുകയും കമ്പനികളുടെ മേല്‍ മറ്റു നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

നേരത്തെ നടത്തിയ പരിശോധനയില്‍ 48 ശതമാനം ഫാക്ടറികളും വിപണിയിലിറക്കുന്ന വെള്ളം നിലവാരമില്ലാത്തതാണെന്നാണ് കണ്ടെത്തിയത്. ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെയും ഗുണമേന്മ പരിശോധിക്കണമെന്ന് അടുത്തിടെ സൗദി ശൂറാ കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു