കൊച്ചി: കാഴ്ചയില്ലാത്തവര്‍ക്ക് വാട്ട്സ് അപ്പ് ചാറ്റ് ചെയ്യാന്‍ സാധിക്കുമോ, സാധിക്കും എന്നാണ് കാഴ്ചയില്ലാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ നമുക്ക് കാണിച്ചു തരുന്നത്. ദൃഷ്ടിടെയെന്ന കൂട്ടായ്മയാണ് മനസു വെച്ചാല്‍ നടക്കാത്തതൊന്നുമില്ലെന്ന് തെളിയുക്കുന്നത്. സുപ്രഭാത സന്ദേശവും കഥയും കവിതയും ന്യൂസ് ചാനലുകളിലെ തലക്കെട്ടുകളും പൊതുവിജ്ഞാനവുമെല്ലാം ദൃഷ്ടിയിലെ അംഗങ്ങള്‍ റെക്കോഡ് ചെയ്ത് ഗ്രൂപ്പിലിടും.
ചിത്രങ്ങളോ ദൃശ്യങ്ങളോ കൈമാറരുതെന്നാണ് ദൃഷ്ടി ഗ്രൂപ്പിന്‍റെ നിയമങ്ങളിലൊന്ന്. കാഴ്ചക്ക് വൈകല്യമുള്ളവരും അംഗപരിമിതരും മാത്രമല്ല, ഈ മേഖലയില്‍ സന്നദ്ധ സേവനം നടത്തുന്നവരടക്കം ആകെ അംഗങ്ങളുടെ എണ്ണം 300 കടന്നു.എല്ലാ ദിവസവും രാവിലെ ഗ്രൂപ്പിൽ പത്രപാരായണ സന്ദേശമെത്തും. സന്നദ്ധ സേവകരിലൊരാൾ ദിവസവും പത്രം വായിച്ച് ശബ്ദം ഗ്രൂപ്പിൽ പങ്കു വെക്കുകയാണ് ചെയ്യാറ്.
ശബ്ദത്തിലൂടെ മാത്രം അറിഞ്ഞ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുള്ള ഗ്രൂപ്പ് അംഗങ്ങള്‍ ഒത്തു ചേരുകയായിരുന്നു. എന്നും ചർച്ചകളിൽ സജീവമായതിനാൽ ആര്‍ക്കും അപരിചിതത്വം ഉണ്ടായില്ല. ബ്രെയിൽ പരിശീലകനായ ചന്ദ്രബാബുവാണ് ദൃഷ്ടിയെന്ന ആശയത്തിനു പിന്നിൽ. എല്ലാവരും ഒന്നിച്ചുള്ള വിനോദയാത്രയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ് ഗ്രൂപ്പ് അംഗങ്ങള്‍.
