പഴങ്ങള്‍ റോഡില്‍ തള്ളാൻ ശ്രമം, ഡ്രൈവറെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

കൊല്ലം: കമ്പോളത്തിലെ പുഴുവരിച്ച പഴവര്‍ഗങ്ങള്‍ റോഡില്‍ തള്ളാൻ ശ്രമിച്ച ലോറി ഉടമയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊല്ലം കമ്പോളത്തിലെ നിരവധി കടകളിലെ ചീഞ്ഞ പഴവര്‍ഗങ്ങളാണ് തെൻമല ഭാഗത്ത് എത്തിയത്. ആളൊഴിഞ്ഞ സ്ഥലം നോക്കി ലോറിയില്‍ നിന്ന് ഇത് തള്ളിയിടാൻ ശ്രമിച്ചു. 35 പെട്ടികളിലാണ് പഴം കൊണ്ടുവന്നത്. നാട്ടുകാര്‍ കണ്ടതോടെ ലോറി ഡ്രൈവര്‍ ചെങ്കോട്ട സ്വദേശി അലി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. നിക്ഷേപിച്ച മാലിന്യം ഇയാളെ കൊണ്ട് തന്നെ തിരികെ എടുപ്പിച്ചു. കടകളില്‍ നിന്ന് സ്ഥിരമായി ചീഞ്ഞ സാധനങ്ങള്‍ കൊണ്ട് നിക്ഷേപിക്കുന്ന ജോലിയാണിയാള്‍ക്ക്. പഴവര്‍ഗങ്ങള്‍ക്ക് പെട്ടിക്ക് എട്ട് രൂപയും അറവ് മാലിന്യങ്ങള്‍‍ക്ക് ചാക്കിന് 16 രൂപയുമാണ് കൂലിയെന്ന് അലി പറയുന്നു. തെൻമല ആര്യങ്കാവ് ഭാഗങ്ങളില്‍ ഇതുപോലെ നിരവധി സ്ഥലങ്ങളില്‍ മാലിന്യം തള്ളാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാലിന്യം തള്ളുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്