ഞാന്‍ പേടിപ്പെടുത്തുന്നുവെന്ന് യാത്രയില്‍ ഉടനീളം അയാള്‍ പറഞ്ഞു കൊണ്ടിരുന്നു. ബോംബുമായി താന്‍ യാത്ര ചെയ്യുകയാണെന്നായിരുന്നു വാദം. തനിക്കൊപ്പം കുട്ടിയുണ്ടായിരുന്നിട്ടും ഇത് ആവര്‍ത്തിച്ചതായും യുവതി

ലണ്ടന്‍: ബുര്‍ഖ ധരിച്ചെത്തിയ യുവതിയെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ബസ് ഡ്രെെവര്‍. പേടിയായതിനാല്‍ യുവതിയോട് ബുര്‍ഖ മാറ്റണമെന്ന് ലണ്ടനിലെ ബസ് ഡ്രെെവറാണ് ആവശ്യപ്പെട്ടത്. ബസില്‍ ബോംബ് വയ്ക്കുമോയെന്നറിയാന്‍ യുവതിയുടെ മുഖം കാണണമെന്നായിരുന്നു ഡ്രെെവറിന്‍റെ വാദം. രണ്ടു വയസ് പ്രായമുള്ള തന്‍റെ കുട്ടിയോടൊപ്പം യാത്ര ചെയ്യാനെത്തിയ യുവതിയോട് ഈ ലോകം അപകടകരമാണെന്നും അയാള്‍ പറഞ്ഞു.

ഇരുപതുകാരിയായ യുവതി ഈസ്റ്റണില്‍ നിന്ന് ബ്രിസ്റ്റോളിലേക്ക് പോകാനാണ് എത്തിയത്. ഞാന്‍ പേടിപ്പെടുത്തുന്നുവെന്ന് യാത്രയില്‍ ഉടനീളം അയാള്‍ പറഞ്ഞു കൊണ്ടിരുന്നു. ബോംബുമായി താന്‍ യാത്ര ചെയ്യുകയാണെന്നായിരുന്നു വാദം. തനിക്കൊപ്പം കുട്ടിയുണ്ടായിരുന്നിട്ടും ഇത് ആവര്‍ത്തിച്ചതായും ബ്രിസ്റ്റോള്‍ ടിവിയോട് യുവതി പറഞ്ഞു.

തന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ച ശേഷം എല്ലാവരുടെയും മുഖം എല്ലാവര്‍ക്കും കാണണമെന്നും അയാള്‍ പറഞ്ഞു. എന്തിനാണ് ബുര്‍ഖ ധരിക്കുന്നതെന്നും ചോദിച്ചു. സമൂഹത്തിന്‍റെ മുന്നില്‍ തന്നെ നാണം കെടുത്തുകയായിരുന്നു. ഈ 2018 വര്‍ഷത്തിലും ഇങ്ങനെയുള്ള ആളുകളുണ്ടെന്നും യുവതി പറയുന്നു. സംഭവത്തിന് ശേഷം സ്വകാര്യ ബസ് കമ്പനിയായ ഫസ്റ്റ് ബസ് യുവതിയോട് മാപ്പ് പറഞ്ഞു.

തങ്ങളുടെ ഡ്രെെവര്‍ ചെയ്തത് വലിയ തെറ്റാണെന്നും നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പും ബസ് കമ്പനി നല്‍കിയിട്ടുണ്ട്. യുവതിയെ അപമാനിക്കുന്നത് കണ്ട ഹിജാബ് ധരിച്ചെത്തിയ മറ്റൊരു സ്ത്രീ ബസില്‍ പിന്തുണയ്ക്കാനെത്തിയപ്പോഴും ഡ്രെെവറുടെ വാദം ഇത് തന്നെയായിരുന്നു. ഏത് വേഷം ധരിക്കണമെന്ന് അവരാണെന്ന് തീരുമാനിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഈ ലോകം അപകടകരമാണെന്നും എല്ലാവര്‍ക്കും എല്ലാവരുടെയും മുഖം കാണണമെന്നുമായിരുന്നു ഡ്രെെവറുടെ മറുപടി.