സൗദിയില്‍ വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനെ കുറിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ശൂറാ കൗണ്‍സില്‍ തള്ളി. ശൂറാ കൗണ്‍സിലില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 65 പേര്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനെ അനുകൂലിച്ചും 62 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.
മാറിയ ചില സാഹചര്യത്തില്‍ വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസെന്‍സ് അനുവദിക്കണമെന്നാവശ്യം ശക്തിപ്പെടുന്നതു കണക്കിലെടുത്താണ് ഇക്കാര്യം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്.
കൗണ്‍സിലില്‍ വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസെന്‍സ് അനുവദിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച നടന്നു.
വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനെ കുറിച്ചു ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പഠനം നടത്തണമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്നു ശൂറാ കൗണ്‍സിലിലെ ചില അംഗങ്ങള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ മറ്റു ചില സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ചില അംഗങ്ങള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.
ഇരുവിഭാഗങ്ങളുടെയും അഭിപ്രായം കേട്ട ശൂറാ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ശൈഖ് ഡോ.അബ്ദുല്ലാബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ശൈഖ് അവസാന തീരുമാനം അഭിപ്രായ വോട്ടെടുപ്പിലൂടെ എടുക്കുകയായിരുന്നു.
65 പേര്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനെ അനുകൂലിച്ചും 62 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.
എന്നാല്‍ ഇത് അംഗീകരിക്കപ്പെടാന്‍ 76 വോട്ട് വേണമെന്നാണ് വ്യവസ്ഥ.
76 പേരെങ്കിലും അനുകൂലിക്കാത്ത സാഹചര്യത്തില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനെകുറിച്ചു പഠനം നടത്താനുള്ള നിര്‍ദേശം തള്ളിക്കൊണ്ട് ശൂറാ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ശൈഖ് ഡോ.അബ്ദുല്ലാബിന്‍ മുഹമ്മദ് പ്രഖ്യാപനം നടത്തുകയായിരുന്നു.
