ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ പെയ്യേണ്ടത് 2000 മില്ലീ ലിറ്റര്‍ മഴയായിരുന്നു. ഇത്തവണ ലഭിച്ചതാകട്ടെ, വെറും 1320 മില്ലീലിറ്റര്‍. 34 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഒരു ജില്ലയില്‍ പോലും സാധാരണ അളവില്‍ ഇക്കുറി മഴ പെയ്തില്ല. മഴയുടെ തോത് ഏറ്റവും കുറവ് വയനാട്ടിലാണ്, 60 ശതമാനം കുറവാണ് അവിടെയുണ്ടായത്. തൃശൂരില്‍ 44ഉം മലപ്പുറത്ത് 39ഉം പാലക്കാട്ട് 33 ശതമാനവും മഴ കുറഞ്ഞു. ഭേദപ്പെട്ട മഴ കിട്ടിയത് എറണാകുളം ജില്ലയില്‍ മാത്രം. 

വിവിധ ജില്ലകളില്‍ മഴ കുറഞ്ഞതിന്റെ കണക്കുകള്‍ (ശതമാനത്തില്‍) ഇങ്ങനെയാണ്
തിരുവനന്തപുരം - 34
കൊല്ലം - 29
പത്തനംതിട്ട - 37
ആലപ്പുഴ- 36
കോട്ടയം - 30
ഇടുക്കി - 32
എറണാകുളം - 24
തൃശൂര്‍ - 44
പാലക്കാട് - 33
മലപ്പുറം - 39
കോഴിക്കോട് - 27
വയനാട് - 60
കണ്ണൂര്‍ - 25
കാസര്‍കോട് - 25

ജൂലൈ 15ന് ശേഷം കേരളത്തില്‍ കാര്യമായി മഴ പെയ്തിട്ടേയില്ല. കാലവര്‍ഷം കുറഞ്ഞതോടെ ഭൂഗര്‍ഭ ജലവിതാനവും കുറഞ്ഞുതുടങ്ങി. നദികളിലെ നീരൊഴുക്ക് കുറഞ്ഞു. മലയോര പ്രദേശങ്ങളില്‍ സ്ഥിതി ഗുരുതരമാകും. അണക്കെട്ടുകള്‍ വറ്റിവരളും. വൈദ്യുതി പ്രതിസന്ധിയും വിദൂരമല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്‍സൂണ്‍ കാറ്റിന്റെ ഗതിമാറ്റമാണ് മഴ കുറയാന്‍ കാരണമെന്നാണ് വിശദീകരണം. വരള്‍ച്ച മുന്നില്‍ക്കണ്ട് വേണ്ട മുന്‍കരുതലെടുത്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഗുജറാത്തിലും മഹാരാഷ്‌ട്രയിലെ വിദര്‍ഭയില്‍പ്പോലും കാലവര്‍ഷം ശക്തമായപ്പോഴാണ് കേരളം വരള്‍ച്ചാഭീഷണി നേരിടുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷകാലത്തിലാണ് ഇനി പ്രതീക്ഷ.