സംസ്ഥാനത്ത് ലഹരി ഉപയോഗത്തിനെതിരെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 1000 കേസുകൾ. 980 പേരെ പിടികൂടി. വര്‍ദ്ധിച്ച വരുന്ന ലഹരി ഉപയോഗം കുറക്കാൻ കര്‍മ്മ പദ്ധതി ആവിഷ്കരിക്കുമെന്നും ആറ് മാസത്തിനിടെ ലഹരി ഉപയോഗത്തിൽ ഗണ്യമായ കുറവുവരുത്താനാണ് തീരുമാനമെന്നും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.
അടിക്കടി കൂടുകയാണ് സംസ്ഥാനത്തെ ലഹരി ഉപഭോഗം. ഏറ്റവും എളുപ്പം ലഹരി വസ്തുക്കള്‍ കിട്ടുന്ന ഇന്ത്യയിലെ തന്നെ മൂന്നാമത്തെ നഗരം കൊച്ചിയാണ് . ഇതേതുടര്‍ന്നാണ് ലഹരിക്കെതിരെ ഊര്‍ജ്ജിത കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ് രംഗത്തെത്തുന്നത്. രണ്ടാഴ്ചക്കിടെ മാത്രം രജിസ്റ്റര്‍ ചെയ്തത് 1000 കേസുകല്‍. വിവിധ കേസുകളിലായി 980 പേര്‍ പിടിയിലായി. ആറ് മാസത്തിനകം കേസുകള്‍ പത്തിരട്ടിയാക്കുമെന്നും അതുവഴി ലഹരി ഉപയോഗവും വിൽപ്പനയും ഗണ്യമായി കുറയ്ക്കുമെന്നാണ് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്‍റെ പ്രഖ്യാപനം.
ബോധവത്കരണത്തിനുമുണ്ട് വിപുലമായ പദ്ധതികള്‍. അടുത്തമാസം അവസാനത്തോടെ 2000 സ്കൂളുകളിൽ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. 100 സ്കൂളുകളിൽ ബോധവത്കരണ സന്ദേശവുമായി എക്സൈസ് കമ്മീഷണര്‍ നേരിട്ടെത്തും. ആകെ 1500 സ്കൂളുകളിൽ സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം. ഭരണ സംവിധാനത്തെ പോലും അപകടപ്പെടുത്തുന്ന വിധം മഹാവിപത്താണ് ലഹരി മാഫിയയെന്നും എക്സൈസ് വകുപ്പ് ആവിഷ്കരിക്കുന്ന കര്‍മ്മ പദ്ധതികൾക്ക് തടയിടാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
