കൊല്ലം: കൊട്ടാരക്കരയില്‍ 5 ലക്ഷം രൂപയുടെ നിരോധിത പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണ് നിരോധിത ഉത്പന്നങ്ങളെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 5 ചാക്കുകളില്‍ നിറച്ച പാന്‍ മസാലയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. തിരുനെല്‍വേലില്‍ നിന്ന് കാറില്‍ കടത്തി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വില്‍പനക്കായി എത്തിച്ചതാണ് പാന്‍മസാല.

നിരോധിത ഉത്പന്നങ്ങള്‍ കേരളത്തിലെത്തിച്ച വാമനപുരം സ്വദേശി രാജന്‍പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിയ 5 ചാക്ക് പാന്‍മസാല പിടികൂടിയത്.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിരോധിത ലഹരി ഉത്പന്നങ്ങള്‍ വിതരണം ചെയ്തു വരികയായിരുന്നു രാജന്‍പിള്ളയെന്ന് പൊലീസ് പറഞ്ഞു.
മൊത്ത വ്യാപാരികൾക്ക് നൽകാൻ വേണ്ടിയാണ് പാൻമസാല എത്തിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പള്ളിക്കല്‍, കൊട്ടാരക്കര സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ട്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.