കോഴിക്കോട്: ലഹരി ഉപയോഗത്തിന്റെയും വിതരണത്തിന്റെയും കേന്ദ്രമായി കോഴിക്കോട് മാറുന്നു. ജില്ലയില്‍ ഈ വര്‍ഷം എക്‌സൈസ് റിപ്പോര്‍ട്ട് ചെയ്യുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കേസുകള്‍. എക്‌സൈസ് നടത്തിയ റെയ്ഡില്‍ 1,260 അബ്കാരി കേസുകളും 255 മയക്കുമരുന്ന് കേസുകളും 2,696 നിരോധിത ഉത്പന്ന കേസുകളും രജിസ്റ്റര്‍ ചെയ്തു. 2016 ല്‍ 125 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് എക്‌സൈസ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 130 കേസുകള്‍ കൂടുതലാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഡിസംബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മയക്കുമരുന്ന് വിതരണത്തില്‍ ഏര്‍പ്പെടുന്നത് കൂടുതലും യുവാക്കളാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ ഒഴുകുന്നത്. ആവശ്യക്കാരിലേറേയും കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ലഹരി മിഠായികള്‍, സ്റ്റാമ്പുകള്‍ തുടങ്ങിയവയെല്ലാം മയക്കുമരുന്നു കേസുകളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് സമീപത്തെ കടകളിലെ വില്‍പ്പനയും എക്‌സൈസ് പിടികൂടിയിരുന്നു. ഇവര്‍ക്ക് ആവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ മാഫിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം 1,884 കേസുകളാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ കേസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇത് വര്‍ധിച്ചു. ട്രെയിന്‍ വഴി മാഹിയില്‍ നിന്ന് വിദേശമദ്യം കടത്തുന്നത് വ്യാപാകമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി അബ്കാരി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒളിസങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യം ഉണ്ടാക്കുന്നതും വ്യാപകമാണ്. ഈ വര്‍ഷം 36,469 വാഷ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം അബ്കാരി കേസുകളില്‍ 2,696 പേരും മയക്കുമരുന്നു കേസുകളില്‍ 290 പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 7,067 റെയ്ഡുകള്‍ ഈ വര്‍ഷം എക്‌സൈസിന്റെ നേതൃത്വത്തില്‍ നടന്നു.

ജില്ലയില്‍ എക്‌സൈസിന് ഒമ്പത് റെയ്ഞ്ചുകളും നാല് സര്‍ക്കിളുമാണുള്ളത്. കോഴിക്കോട്, ഫറോക്ക്, കുന്ദമംഗലം, താമരശേരി, ബാലുശേരി, ചേളന്നൂര്‍, കൊയിലാണ്ടി, വടകര, നാദാപുരം. കോഴിക്കോട്, വടകര, പേരാമ്പ്ര, താമരശേരി, കോഴിക്കോട്, എന്നീ നാല് സര്‍ക്കിളുമാണുള്ളത്. ഒരു കിലോ കഞ്ചാവും അഞ്ച് ഗ്രാം മയക്കുമരുന്നുകള്‍ പിടികൂടുന്ന കേസുകള്‍ പരിഗണിക്കുന്നത് വടകര എന്‍ഡിപിഎസ് കോടതിയാണ്.