വിമാനത്താവളം വഴിയും കടല്‍ മാര്‍ഗവും അതിര്‍ത്തി പ്രദേശങ്ങള്‍ വഴിയുമുള്ള മയക്കുമരുന്നു കടത്തുകള്‍ വ്യാപകമാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒന്നര കിലോ മരിജുവാനയുമായി നൈജീരിയന്‍ യുവാവിവിനെ വിമാനത്താവളം അധികൃതര്‍ പിടി കൂടിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ മൂന്നോളം കേസുകളിലായി 36 കിലോ ഗ്രാം മയക്കു മരുന്നാണ് അധികൃതര്‍ പിടികൂടിയത്. 2014 ല്‍ മാത്രം ഹമദ് വിമാനത്താവളം വഴി മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച 340 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. മയക്കുമരുന്നു കേസുകളില്‍ കര്‍ശനമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഖത്തറെങ്കിലും രാജ്യത്തേക്ക് മയക്കു മരുന്ന് കടത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും അധികൃതര്‍ പരിശോധിച്ചു വരികയാണ്. അര്‍ജന്റീന, ബ്രസീല്‍ എന്നിവടങ്ങളില്‍ നിന്നു ഗള്‍ഫ് മേഖലകളിലേക്കു മയക്കു മരുന്നു കടത്താനുള്ള പുതിയ ഇടത്താവളമാക്കി ഖത്തറിനെ മാറ്റാന്‍ ചില ലോബികള്‍ ശ്രമിച്ചു വരുന്നതായി സൂചനയുണ്ട്. മയക്കുമരുന്നു കേസുകളില്‍ പിടിക്കപെടുന്നവരില്‍ അധികവും ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2022 ല്‍ നടക്കാനിരിക്കുന്ന ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ഏറ്റവും അധികം ആശ്രയിക്കുന്നതും ഈ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയാണ്. 2016 ല്‍ പുറത്തിറങ്ങിയ ക്രൈം ആന്‍ഡ് സേഫ്റ്റി റിപ്പോര്‍ട്ടില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു.എന്തായാലും മയക്കുമരുന്നു കടത്തു തടയാന്‍ പഴുതുകള്‍ അടച്ചുകൊണ്ടുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇത്തരം കേസുകളില്‍ പിടികൂടപ്പെടുന്നവര്‍ക്കുള്ള ശിക്ഷ കൂടുതല്‍ കര്‍ശനമാക്കാനുമാണ് സര്‍ക്കാറിന്റെ തീരുമാനം.