അന്തരിച്ച പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തിയുടെ ഭൗതികശരീരം തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചു. അദ്ദേഹത്തിന് പ്രിയപ്പെട്ട സമയമായ വൈകിട്ട് 6.45ന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച പ്രശസ്ത സാംസ്കാരിക പ്രവർത്തകനും സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനുമായ സൂര്യ കൃഷ്ണമൂർത്തിക്ക് വിടയേകാൻ സാംസ്കാരിക കേരളം. കലയുടെ സൂര്യമൂർത്തിയുടെ ഭൗതിക ശരീരം അവസാനമായി ഒന്ന് കാണാൻ നിരവധിപേരാണ് എത്തിയിരിക്കുന്നത്. പൊതുദർശനം രാവിലെ 7 മണി മുതൽ തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിൽ തുടങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കം കേരളത്തിലെ വിവിധ കലാ - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഇന്നലെ തന്നെ വീട്ടിൽ എത്തിയിരുന്നു. പൊതുദർശനത്തിലും കലാ - സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയേകാൻ എത്തും. ഔദ്യോഗിക ബഹുമതികളോടെയും പ്രിയപ്പെട്ടവരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴികളോടെയും വൈകിട്ട് 5 മണിക്ക് തൈക്കാട് ശാന്തിക്കവാടത്തിൽ സംസ്കാര ച‍ടങ്ങുകൾ ആരംഭിക്കും. സംസ്കാരം വൈകിട്ട് 6.45 നായിരിക്കും. സൂര്യയിൽ എല്ലാ പരിപാടികളും തുടങ്ങിയിരുന്നത് 6.45 നായിരുന്നു. അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചതും 6.45 നായിരുന്നു.

കലകളിൽ വിസ്മയം തീർത്ത സൂര്യ

ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക കലാമേളയായ സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വമാണ് ഇന്നലെ വിടപറഞ്ഞത്. ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 -ാം എഡിഷൻ തുടങ്ങാനിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്. അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി ചെയർമാനായടക്കം പ്രവ‍ത്തിച്ചിട്ടുണ്ട്.' കേരള പ്രഭാ' പുരസ്കാരമടക്കം നേടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി' പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ അനുസ്മരിച്ചത്. സർഗാത്മക കാലഘട്ടത്തിന്റെ വിടവാങ്ങലെന്നാണ് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടത്. സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം സാംസ്കാരിക കേരളത്തിന് നികത്താനാവാത്ത നഷ്ടം എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വാക്കുകൾ.