പാലക്കാട്: വാളയാറില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയില്‍ ലഹരിമരുന്നും കഞ്ചാവുമായി ഒരാള്‍ പിടിയിലായി. മറ്റൊരു കേസില്‍ രേഖകളില്ലാതെ കൊണ്ടുവന്ന സ്വര്‍ണവും വജ്രവും പിടിച്ചെടുത്തു.
പാലക്കാട്ട് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ വാഹനപരിശോധനയിലാണ് കൊയിലാണ്ടി സ്വദേശി കിരണ്‍ എന്ന യുവാവിനെ ലഹരിമരുന്നും കഞ്ചാവുമായി പിടികൂടിയത്. നാമക്കല്ലില്‍ നിന്നും വന്ന തമിഴ്നാട് ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍. ചുരുളുകളാക്കി സൂക്ഷിച്ച 55 പൊതി കഞ്ചാവും ഒപ്പം നൈട്രോസെപാം എന്ന ഗുളികയും ഇയാളില്‍ നിന്നു കണ്ടെത്തി. മാനസികരോഗത്തിന് ചികിത്സതേടുന്നവര്‍ കഴിക്കുന്ന ഈ ഗുളിക ഡോക്ടറുടെ കുറിപ്പില്ലാതെ വാങ്ങാന്‍ കിട്ടില്ല. 19 വയസുള്ള കിരണ്‍ ഇതില്‍ ഒരു ഗുളിക കഴിച്ചതായി സമ്മതിക്കുന്നു.
പാലക്കാട് പറളി എക്സൈസ് വിങ്ങിലെ ഉദ്യോഗസ്ഥരാണ് രേഖകളില്ലാതെ കടത്തിയ സ്വര്‍ണവും വജ്രവും പിടികൂടിയത്. 877 ഗ്രാം സ്വര്‍ണവും 22 ഗ്രാം വജ്രവും തൃശൂരിലെ ഒരു ജുവലറിയിലേക്ക് കൊണ്ടുപോകവെയാണ് വാളയാറില്‍ വച്ച് ഇവ പിടികൂടിയത്.
