തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് കഞ്ചാവിന്റെയുംമറ്റ് ലഹരി മരുന്നുകളുടെയും ഉപയോഗം വര്‍ദ്ധിച്ചതായി കണക്കുകള്‍. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലഹരിമരുന്നുകള്‍ക്ക് ഇരയാകുന്നതാകട്ടെ സംസ്ഥാനത്തെ യുവാക്കളും കുട്ടികളും. നഗരങ്ങളിലെ ലഹരിമരുന്നുപയോഗത്തില്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് പറഞ്ഞു.

എക്‌സൈസിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തെ കേരളത്തിലെ ലഹരി ഉപയോഗത്തിന്റെ ചിത്രമിതാണ്. ഒരുലക്ഷത്തി അന്‍പത്തിയൊന്നായിരത്തി ഇരുനൂറ്റി എഴുപത്തി മൂന്ന് റെയ്ഡുകള്‍ നടത്തിയതില്‍ രണ്ടായിരത്തി എണ്‍പത്തിയഞ്ച് ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയതു. ആയിരത്തി ഒരുനൂറ്റി പത്ത് കിലോഗ്രാം കഞ്ചാവ് പിടികൂടി. സംസ്ഥാന പൊലീസ് രജിസ്ടറ്റര്‍ ചെയതതാകാട്ടെ അറുനൂറ്റി അന്‍പത്തിരണ്ട് കേസുകള്‍. ആറ് കിലോഗ്രാം ഹാഷിഷും എഴുനൂറ്റി ഇരുപത് കിലോഗ്രാം കഞ്ചാവും അവര്‍ പിടികൂടി. കൊച്ചിനഗരം ലഹരിമരുന്നുപയോഗത്തില്‍ ഇപ്പോള്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടി. കര്‍ശനനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ലഹരിമരുന്നുപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന പഞ്ചാബിന്റെ സ്ഥിതിയിലേക്ക് അടുത്ത അഞ്ചു കൊല്ലത്തിനുള്ളില്‍ കേരളം എത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വില്‍പ്പന സംബന്ധിച്ച് ദിനം പ്രതി നിരവധി പരാതികള്‍ എക്‌സൈസിന് ലഭിക്കുന്നുണ്ട്. ഋഷിരാജ് സിംഗ് ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളഇല്‍ ഏകദേശം ഇരുനൂറോളം ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരുകിലോഗ്രാമില്‍ താഴെ കഞ്ചാവ് പിടികൂടിയാല്‍ ജാമ്യം ലഭിക്കുന്ന എന്‍ഡിപിഎസിലെ വ്യവസ്ഥ ഇളവ് ചെയ്യണമെന്ന് കേന്ദ്രത്തോട് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ എക്‌സൈസിനും അധികാരം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.