മദ്യപിച്ച് വാഹനമോടിച്ച പൊലീസ് ഓഫീസറുടെ മകള്‍ ഒരാളെ കൊന്നു

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ച എന്‍ജീനിയറിങ് വിദ്യാര്‍ത്ഥിനികളുടെ വാഹനമിടിച്ച് ഒരാള്‍ മരിച്ചു. വഴിയരികില്‍ കിടന്നുറങ്ങിയ ചെരുപ്പുകുത്തിയുടെ മേല്‍ വാഹനം ഇടിച്ച് കയറുകയായിരുന്നു. അമിത വേഗതയിലായിരുന്ന വാഹനം ഇയാളുടെ മേല്‍ ഇടിച്ച് കയറിയതിന് തിരിഞ്ഞ് നില്‍ക്കുകയായിരുന്നു.

ഹൈദരാബാദിലെ കുഷൈയ്ഗുഡ എന്നയിടത്താണ് അപകടം നടന്നത്. മാലക്പേട്ട് ഇന്‍സ്പെടര്‍ ഗാങ്ഗി റെഡ്ഡിയുടെ മകളായിരുന്നു വാഹനം ഓടിച്ചിരുന്നത്. അശോക് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സ്കോഡ ഒക്ടാവിയ കാര്‍ ആയിരുന്നു അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന നാലു പേരും മദ്യപിച്ചതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 

മരിച്ചയാളുടെ മകനും ഇയാളുടെ സമീപത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു. കുട്ടിയ്ക്ക് അപകടത്തില്‍ ഗുരുതര പരിക്കുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ചതിനും കൊലക്കുറ്റത്തിനും വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.