ഇടപ്പളളിയിലെ മാളില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നവരാണ് അഞ്ചു പേരും. മാളില്‍ ഉണ്ടായ തൊഴില്‍ പ്രശ്നത്തില്‍ പോലും പൊലീസ് ഇടപെട്ടില്ലെന്നു വരെ പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരോടുളള തട്ടിക്കയറ്റം.
കൊച്ചി: കൊച്ചിയില്‍ മദ്യലഹരിയില്‍ പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ചു യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. മദ്യപിച്ച് ബഹളമുണ്ടാക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘത്തിനു നേരെ ഇന്ന് പുലര്‍ച്ചെയായിരുന്നു യുവാക്കളുടെ ആക്രോശം. യുവാക്കളുടെ ആക്രമണത്തില്‍ കൈവിരലിന് പരിക്കേറ്റെന്ന പരാതിയുമായി സിറ്റി ട്രാഫിക് സ്റ്റേഷനിലെ എസ്എച്ച്ഒ ആശുപത്രിയില്‍ ചികില്‍സ തേടി.
കണ്‍ട്രോള്‍ റൂമിലേക്കെത്തിയ പരാതി അന്വേഷിക്കാന്‍ ചെന്ന പൊലീസ് സംഘത്തോടാണ് ചെറുപ്പക്കാര്‍ ഈ വിധം രോഷം പ്രകടിപ്പിക്കുന്നത്. ഇടപ്പളളിയ്ക്കടുത്ത് മരോട്ടിച്ചോട് ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇടപ്പളളിയിലെ മാളില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നവരാണ് അഞ്ചു പേരും. മാളില്‍ ഉണ്ടായ തൊഴില്‍ പ്രശ്നത്തില്‍ പോലും പൊലീസ് ഇടപെട്ടില്ലെന്നു വരെ പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരോടുളള തട്ടിക്കയറ്റം.
വാക്കേറ്റത്തിനു പിന്നാലെ യുവാക്കള്‍ കല്ലേറ് വരെ നടത്തിയെന്നും കൂടുതല്‍ സേനയെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് യുവാക്കളെ കീഴ്പ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ബലപ്രയോഗത്തിനിടയിലാണ് ഇടപ്പളളി ട്രാഫിക് എസ്എച്ച്ഒ ഉദയകുമാറിന്‍റെ കൈവിരലിന് പൊട്ടലേറ്റത്. നെന്‍മാറ സ്വദേശി ഷംസുദ്ദീന്‍, തിരുവനന്തപുരം സ്വദേശികളായ അല്‍ത്താഫ്, അജ്മല്‍, കൊല്ലം സ്വദേശി ജിനീഷ്, വയനാട് സ്വദേശി അക്ഷയ് എന്നിവരെ സംഘര്‍ഷത്തിനു പിന്നാലെ കസ്റ്റഡിയിലെടുത്ത പൊലീസ് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

