കോട്ടയം: മദ്യലഹരിയില്‍ യാത്രക്കാരെ അസഭ്യം പറഞ്ഞ യുവതികള്‍ തടയാനെത്തിയ വനിതാ പൊലീസുകാരെ ആക്രമിച്ചു. ആക്രമണത്തില്‍ പിങ്ക് പട്രോളിംഗ് സംഘത്തിലെ വനിതാ എ.എസ്.ഐ ലളിതയ്ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ടു യുവതികളെയും യുവാവിനെയും പൊലീസ് വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി. ഇന്നലെ വൈകുന്നേരത്തോടെ ഏറ്റുമാനൂര്‍ പാറോലിക്കല്‍ കവലയിലായിരുന്നു സംഭവം.
മദ്യലഹരിയില്‍ സ്ത്രീകള്‍ വാഹനങ്ങള്‍ തടയുന്നതായും അക്രമം നടത്തുന്നതായും കണ്‍ട്രോള്‍ റൂമില്‍ നിന്നു വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലളിതയുടെ നേതൃത്വത്തിലുള്ള പിങ്ക് സംഘം സംഭവസ്ഥലത്ത് എത്തിയത്. പൊലീസിനെ കണ്ടതോടെ യുവതികള്‍ കൂടുതല്‍ അക്രമാസക്തരായി. പോലീസ് എത്തിയിട്ടും ഇവര്‍ അസഭ്യം വിളിക്കുന്നത് തുടര്‍ന്നു. ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘത്തെ പിടിച്ചു തള്ളുകയും, ആക്രമിക്കുകയുമായിരുന്നു.
ഇവര്‍ വിവരം അറിയിച്ചതോടെ കൂടുതല്‍ പൊലീസ് സംഘം എത്തിയാണ് ഇവരെ കീഴടക്കിയത്. യുവതികളെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും വൈദ്യ പരിശോധനയ്ക്കു ശേഷം സ്റ്റേഷനില്‍ എത്തിച്ചു. ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നു സി.ഐ എ.ജെ തോമസ് അറിയിച്ചു.
