ഫരീദ്കോട്ട്: വിദ്യാർഥി പ്രക്ഷോഭം നേരിടാനെത്തിയ ഡിഎസ്പി സമരക്കാർക്കു മുന്നിൽ സ്വയം വെടിവച്ചു മരിച്ചു. അൻപതുകാരനായ ബൽജിന്ദർ സിങ് സന്ധുവാണു വിദ്യാർഥികളെ സാക്ഷിയാക്കി വെടിവച്ചത്. ബൽജിന്ദറിന്റെ തല തുളച്ചു കടന്നുപോയ വെടിയുണ്ട സമീപത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഗൺമാന്റെ കണ്ണിൽ കൊണ്ടതായും ഗുരുതര പരുക്കേറ്റ ഇയാൾ ചികിൽസയിലാണെന്നും ഫരീദ്കോട്ട് എസ്എസ്പി നാനക് സിങ് അറിയിച്ചു.
ഫരീദ്കോട്ടിലെ ജയ്ട്ടോയിൽ പഞ്ചാബ് സർവകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിനു സമീപം തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണു സംഭവം. സദാചാര ഗുണ്ടായിസത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണയിലാണ് ഡിഎസ്‍പി വെടിവച്ച് മരിച്ചത്. വിദ്യാര്‍ത്ഥികള്‍ രണ്ട് വിഭാഗമായി പോരടിച്ചതോടെയാണ് സംഭവ സ്ഥലത്തേയ്ക്ക് പൊലീസ് എത്തിയത്.
ഇതിനിടെയാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ പൊലീസ് സഹായിക്കുകയാണെന്നാരോപിച്ചു. സ്ഥലത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ ശ്രമിച്ച ഡിഎസ്പി ഈ ആരോപണത്തില്‍ കുപിതനായതോടെയാണ് വെടി ഉതിര്‍ത്ത് മരിച്ചത്. ഡിഎസ്പിയുടെ ‘ധാർമികത’യെ വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.
