ദുബായ്: എട്ട് വര്‍ഷം മുന്‍പ് കരിന്പിന്‍ ജ്യൂസ് വില്‍ക്കുന്ന ഒരു തട്ടുകട്ടയുമായാണ് കോഴിക്കോട്ടുകാരനായ ഇഖ്ബാല്‍ ദുബായ് ഗ്ലോബല്‍ വില്ലേജിലെത്തുന്നത്. ഇന്നിപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ ഏറ്റവും കൂടുതല്‍ സ്റ്റാളുകള്‍ സ്വന്തമായുള്ള വ്യപാരിയാണ് ഇദ്ദേഹം. വിവിധ രാജ്യക്കാരായ അറുപതോളം തൊഴിലാളികളാണ് ഇഖ്ബാലിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 

45 ഇന്ത്യക്കാരും തായ്ലാന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 15-ഓളം പേരും ഇഖ്ബാലിന് കീഴില്‍ ജോലി ചെയ്യുന്നു. തായ് ഫ്രൂട്ട്സാണ് ഇഖ്ബാലിന്‍റെ സ്റ്റാളുകളിലെ പ്രധാന ആകര്‍ഷണം. ബിസിനസ് പച്ചപിടിച്ചപ്പോള്‍ ആ നാട്ടില്‍ ഇഖ്ബാല്‍ സ്വന്തമായി കന്പനിയും തുടങ്ങിയിട്ടുണ്ട്. കൂടാതെ ദക്ഷിണേന്ത്യന്‍-, ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളും ഇഖ്ബാലിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഉത്സവകാലത്ത് ആറുമാസത്തെ സന്ദര്‍ശകവിസയിലാണ് ഇഖ്ബാല്‍ തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടു വരുന്നത്. ആറു മാസം കഴിഞ്ഞു ഗ്ലോബല്‍ വില്ലേജ് അടച്ചാല്‍ ഇഖ്ബാലും തൊഴിലാളികളും തങ്ങളുടെ ആഗോളരുചികളുമായി പുതിയ ഉത്സവകേന്ദ്രങ്ങളിലേക്ക് ചുവടുമാറും.