ദുബായ്: ദുബായില്‍ സര്‍ക്കാര്‍സേവനങ്ങളും ഇനി കൈവിരല്‍തുമ്പില്‍. സര്‍ക്കാര്‍ സേവനങ്ങളെ ഒരു പോര്‍ട്ടലില്‍ ഒരുമിപ്പിച്ച് സ്മാര്‍ട് ദുബായ് ഓഫിസ്, ദുബായ് നൗ എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിച്ചു.
ദുബായ് കൂടുതല്‍ സ്മാര്‍ട്ടാവുകയാണ്, സര്‍ക്കാര്‍ സേവനങ്ങളും ഇനി ഒരു ക്ലിക്കിലൂടെ സാധിക്കാം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 24 സ്ഥാപനങ്ങളുടെ 55ലേറെ സേവനങ്ങളാണു ദുബായ് നൗ വഴി ലഭ്യമാകുന്നത്. മൊബൈല്‍ ആപ്ലിക്കേഷനിലുള്ള എല്ലാ സര്‍വീസുകളും ദുബായ് നൗ വെബ് സൈറ്റിലും ഉള്‍പ്പെടുത്തും. സേവനങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുതിയ സംവിധാനം വഴി കഴിയും. ഉപഭോക്താക്കള്‍ക്ക് ഒരു പോര്‍ട്ടലിലൂടെ എല്ലാസേവനങ്ങളും ലഭ്യമാകുമെന്നും അധികകൃതര്‍ അറിയിച്ചു. പൊതുമേഖല, വ്യവസായം, സന്ദര്‍ശകര്‍ തുടങ്ങി എല്ലാ മേഖലകളിലെയും ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നതാണ് ദുബായ് നൗ പ്ലാറ്റ് ഫോം. വീസ, താമസ നടപടികള്‍ തുടങ്ങി 11 വിഭാഗങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാണ്. സുരക്ഷാ, നീതി, പൊതുഗതാഗതം, പേയ്‌മെന്റ്‌സ്, ഡ്രൈവിങ്, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഭവനനിര്‍മാണം, തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങളും ആപ്പ് വഴി ലഭിക്കും. സമീപത്തെ കാര്‍ രജിസ്‌ട്രേഷന്‍ സെന്റര്‍ കണ്ടെത്താനുള്ള സേവനവും പ്ലാറ്റ്‌ഫോമില്‍ ലഭ്യം. ഗതാഗത ലംഘനങ്ങള്‍ക്കു പിഴയടയ്ക്കാനും, ജലം, വൈദ്യുതി, ഇത്തിസലാത്ത്, ഡൂ തുടങ്ങിയ ബില്ലുകള്‍ അടയ്ക്കാനും പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. സാലിക്, നോല്‍ കാര്‍ഡുകള്‍ ടോപ്അപ് ചെയ്യാം. ദുബായ് കസ്റ്റംസ് അക്കൗണ്ട്, അജാരി, മകാനി തുടങ്ങിയവയുടെ ഇടപാടുകള്‍ക്കും ദുബായ് നൗവില്‍ സൗകര്യമുണ്ട്. ജനങ്ങളുടെ സന്തോഷവും തൃപ്തിയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി.
